Contents:
  1. ഓർമപൂക്കളം #1
  2. ഓർമപൂക്കളം #2
  3. ഓർമപൂക്കളം #3
  4. ഓർമപൂക്കളം #4
  5. ഓർമപൂക്കളം #5
  6. ഓർമപൂക്കളം #6
  7. ഓർമപൂക്കളം #7
  8. ഓർമപൂക്കളം #8
  9. ഓർമപൂക്കളം #9
  10. ഓർമപൂക്കളം #10

1
ഓർമപൂക്കളം #1


Prajeesh Kottakkal

തേൻമാവ്,വയൽപ്പൂക്കൾ,നാക്കിലതുമ്പിലെ സദ്യ,മുത്തശ്ശിക്കഥ എല്ലാം കേട്ടുകേൾവി മാത്രമായി ഓർമ്മകളിലേക്ക് ഊളിയിട്ട്
പണ്ടെന്നോ കളഞ്ഞുപോയൊരു ബാല്യത്തിന്റെ കഥ പറയുമ്പോൾ പിറകിൽ നിന്നും ഒരു വിളി കേട്ടുവോ ...?
ഉണ്ട് കേൾക്കുന്നുണ്ട്.കണ്ണടച്ച് ഒന്ന് മനസ്സുകൊണ്ട്‌ കാതോർക്കു. നമ്മളിപ്പോൾ ഒരുപാടു കാലം പിറകിലേക്കാണ്
വലിയ കെട്ടിടങ്ങളും ,
ആർഭാടങ്ങളുമില്ലാതെ വയൽപൂക്കൾ വീണുകിടക്കുന്ന
പാട വരമ്പുകളിലൂടെ ചെരിപ്പില്ലാത്ത പൊടിപിടിച്ച കുറച്ചു കാലുകൾ കാണുന്നില്ലേ അത് ഞങ്ങളാ.
ഞങ്ങളെന്നുവെച്ചാൽ ഞാൻ,അമ്മു,ഉമ്മർ,പിന്നെ ലളിതേച്ചി. ഓണപ്പരീക്ഷയുടെ
അവസാന പേപ്പറും എഴുതിക്കഴിഞ്ഞ നിർവൃതിയിൽ പത്തു ദിവസത്തെ അവധിയെന്ന പെരും സന്തോഷത്തിൽ പഠിപ്പെന്ന
ഭാരമുള്ള പീഢനമില്ലാത്ത നാളുകളിലേക്ക് ഞങ്ങൾ ഓടുകയാണ്.ഓണമെന്ന
മഹാ വിസ്മയത്തിലേക്കുള്ള കൂട്ടയോട്ടം.
ചോദ്യക്കടലാസു കൊണ്ട് തോണിയുണ്ടാക്കി തോട്ടിലേക്ക് ഉന്തിവിട്ട് ആശ്വാസത്തോടെ ചിരിച്ചുനിക്കുന്ന ഉമ്മറിന്റെ ചെവിക്കുപിടിച്ചു തിരുമ്മി കൂട്ടത്തിൽ മൂത്തവളാണെന്ന് തെളിയിച്ചു ലളിതേച്ചി.ലളിതേച്ചി അങ്ങനാ കുരുത്തക്കേടു കണ്ടാൽ അപ്പോൾ പ്രതികരിക്കും.
ഇനിയുള്ള ദിനം ഞങ്ങളുടെതാണ്
ഞങ്ങളുടെതു മാത്രം.....!

കിണറ്റുവക്കത്ത് പാതിയുറക്കത്തിന്റെ കൺവെട്ടലിൽ ഉമിക്കരികൊണ്ട് പല്ലുതേക്കലെന്ന മഹാപരാധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്
അമ്മുവിന്റെ കൈപിടിച്ച് ഉമ്മർ വീട്ടിലേക്കു കടന്നു വരുന്നത് .കയ്യിൽ വലിയൊരു സഞ്ചിയുണ്ട് പൂക്കളിറുക്കുമ്പോൾ ഇട്ടു സൂക്ഷിക്കാനാണത്രെ..
എന്റെ ഓർമ്മയിൽ ഇത്രകാലം കിട്ടിയ പൂക്കള് മുഴുവൻ കൂട്ടിവെച്ചാലും ആ സഞ്ചീടെ മൂലയ്ക്കലുപോലും എത്തീട്ടുണ്ടാവില്ല ന്നാലും ഈ പഹയൻ ഇതെടുത്തെ വരൂ.
കപ്പ പുഴുങ്ങീതും ,കട്ടൻ കാപ്പിയും ന്റെ അമ്മോട് ചോദിക്കാതെതന്നെ അകത്തുകയറി കഴിക്കാനുള്ള സാതന്ത്ര്യം ഉമ്മറിനുള്ളതോണ്ട് അവൻ അകത്തുകയറി വീട്ടുകാരനായ എന്നേക്കാൾ മുന്നേ ഇപ്പോൾ കഴിപ്പു തുടങ്ങിക്കാണും.അമ്മു ഒറ്റക്കിരുന്നു മുറ്റത്തു കക്കു കളികുമ്പോൾ ഞാൻ മുഖം കഴുകി മുത്തച്ഛന്റെ മുഷിഞ്ഞ വിയർപ്പുതോർത്തിൽ മുഖം പൊത്തുകയായിരുന്നു.

ഉമ്മറും,ഞാനും ,അമ്മുവും കുഞ്ഞു ജാഥയായി നടന്ന് അത് ലളിതേച്ചിടെ വീടിനുമുന്നിൽ അവസാനിപ്പിക്കും .അപ്പോൾ നല്ല മുടക്കിക്കുട്ടിയായി ചേച്ചി അവിടെ കാത്തുനിക്കാണുണ്ടാവും.
ഞങ്ങൾ നാലുപേരും
പൂ പറിക്കാൻ നടന്നുതുടങ്ങുമ്പോൾ
''ദൂരേക്കൊന്നും പോകരുതെന്ന'' സ്നേഹശാസന പിറകിൽ നിന്ന് മുഴങ്ങിയിട്ടുണ്ടാവും .
ദൂരേക്ക് പോകാനാണ് ഞങ്ങൾക്കിഷ്ടം തോടിനപ്പുറം ,കൈതക്കാടിനപ്പുറം,കല്ലുപാറക്കപ്പുറം അങ്ങിനെ പെട്ടെന്നാരും പോകാത്ത
ഭാഗത്ത് പൂക്കൾ കൂടുതലുണ്ടാകുമെന്ന് വെറുതെ ഞങ്ങൾ വിശ്വസിച്ചിരുന്നു.മുക്കുറ്റിയും ,തുമ്പയും ,കാക്കപ്പൂവും ,കൃഷ്ണകിരീടവും ,പിന്നെ ഇതുവരെ പേരറിയാത്ത പൂക്കളുമെല്ലാം ഇറുത്തെടുത്തു നടക്കുമ്പോൾ കൈയ്യും ,കാലുമൊക്കെ ചൊറിയില തട്ടി
ചൊറിഞ്ഞു ചുവന്നുകാണും...ന്നാലും നിർത്തൂലാ നിർത്തിയാൽ പിന്നെ ആ സുഖമങ്ങുപോകും.വല്ലാതെ ക്ഷീണിക്കുമ്പോഴാണ്
ഉമ്മറിന്റെ കീശയിൽ വിശ്രമിക്കുന്ന ഉപ്പുമാങ്ങയുടെ രുചിയറിയുക.ഉപ്പുമാങ്ങയും തിന്ന് ദാഹം മൂത്തൊരിക്കൽ തോട്ടിലെ വെള്ളം മതിവരുവോളം കുടിച്ച ചരിത്രവും ഞങ്ങൾ നാലുപേർക്കുണ്ട് .
''ന്റെ '' വീട്ടുമുറ്റത്താ ഏറ്റവും വലിയ പൂക്കളം ഉണ്ടാവാ അതെന്താന്നുവെച്ചാൽ മുറ്റത്തു വലിയൊരു പുളി മരമുണ്ട് അതിന്റെ താഴെ
പൂക്കളിടാൻ ഞങ്ങൾ എല്ലാരുണ്ടാവും. പൂക്കളിട്ട് ഒടുക്കം ലളിതേച്ചി പുളിമരത്തിന്റെ ചാഞ്ഞ കൊമ്പിൽകയറിനിന്ന്
പൂക്കളത്തിന്റെ വളവും തിരിവും മുകളിൽനിന്നും തഴേക്കുനോക്കി നിച്ഛയിക്കും. എല്ലാരുടെ വീട്ടിലും പൂവെപ്പൊലി മുഴങ്ങുമ്പോഴും
ലളിതേച്ചി പൂക്കളത്തിൽ തൃപ്തയായിട്ടുണ്ടാവില്ല.

തൃക്കാക്കരപ്പനെ ഉണ്ടാക്കാൻ ചുവന്ന മണ്ണ് മുന്നിലുണ്ടായിട്ടും എത്രദൂരം നടന്ന് മണ്ണ് ചുവന്നവരാ ഞങ്ങൾ.
ചുമന്നുകൊണ്ടുവന്ന
മണ്ണിൽ വെള്ളമൊഴിച്ചു കാലുകൾ ചവിട്ടി നൃത്തം വെച്ച് പരുവമാകുമ്പോൾ അതിനെ രൂപമാക്കാൻ ഉമ്മറിനോളം വിരുത് ഞങ്ങൾക്കില്ലായിരുന്നു.
അവന്റെ കയ്യിലായിരുന്നു രൂപങ്ങൾ വിശ്രമിച്ചിരുന്നത്.സത്യത്തിൽ പത്തുനാളും ഞങ്ങൾ നാലുപേരും ഒരുമിച്ചായിരുന്നു .വാഴയില മുറിക്കാനും ,സാധനം വാങ്ങിക്കാനും,പൂപ്പറിക്കാനും ,മണ്ണുചുമക്കാനും അങ്ങിനെയങ്ങിനെ എല്ലാത്തിനും.
പരീക്ഷ പേപ്പറിന്റെ ജയ പരാജയങ്ങളെക്കുറിച്ചു ഇടയ്ക്കു വല്ലാത്തൊരു ചോദ്യം വരും ഉമ്മറിന്റെ .
ആ ഒറ്റ നിമിഷത്തിൽ മാത്രമാണ് ഓണം ഞങ്ങൾ മറക്കുന്നത് അല്ലെങ്കിൽ ആരോ മരിച്ച വീടിന്റെ അവസ്ഥ ഞങ്ങൾക്കിടയിൽ ഉണ്ടാകുന്നത് .

ഓണത്തിന്റെ രണ്ടുനാൾ മുന്നെവരെ അടിച്ചുകിട്ടാത്ത ഉടുപ്പുകളും കാത്തുകെട്ടി കുമാരേട്ടന്റെ കടയിലേക്ക് ജിജ്ഞാസയോടെ
ഞങ്ങളെത്ര ജാഥ നടത്തിയവരാ .അതടിച്ചു കയ്യിൽ വെച്ചുതരുമ്പോൾ കുമാരേട്ടന് ഞങ്ങളുടെ മനസ്സിൽ രാജാവിന്റെ
സ്ഥാനമായിരുന്നു.
ലളിതേച്ചിടെ അച്ഛന്റെ വകയാണ് ഉമ്മറിനുള്ള കുപ്പായം ഉമ്മറിന്റെ ബാപ്പയും ,ലളിതേച്ചിടെ അച്ഛനും വല്ല്യ ചങ്ങായിമാരായിരുന്നു .
പക്ഷേ അതോണ്ടൊന്നുവൂലാ ഞങ്ങളെ ആരെയും ആരും അന്ന് വേർതിരിച്ചു കണ്ടിട്ടില്ല അതന്നെ കാര്യം.
ഓണത്തിന്റെ തലേന്നുതന്നെ ഉണ്ടാക്കിയ സാധനങ്ങള് ഐഷുതാത്താന്റെ മതിലിന് അപ്പുറത്തേക്കൊരു യാത്രയുണ്ട്.
സദ്യാന്നു വെച്ചാല് അത് അവർക്ക് വല്യ ഇഷ്ടാ അതില് അമ്മണ്ടാക്കുന്ന ചില വിഭവങ്ങളുണ്ട് കാളൻ ,ഓലൻ ,അവിയല്
ഇതെങ്ങനെ രുചി നോക്കാനും,പാകം നോക്കാനും ഐഷുതാത്ത കേമിയാരുന്നു.അവരും ന്റെ ഒരു അമ്മയായിരുന്നു
കൂട്ടത്തിൽ ഉമ്മറിന്റെ ഉമ്മയും ......!
ഞങ്ങളുടെ ഓണത്തിന് മതിലുകൾ ഇല്ലായിരുന്നു,അതിരുകളില്ലായിരുന്നു.കളിച്ചും,ചിരിച്ചും ,കിനാവുകണ്ടും,മോഹിപ്പിച്ചും
തമ്മിത്തല്ലിയും അങ്ങിനെയെത്രകാലം ഞങ്ങളോണമറിഞ്ഞവരാ ഒന്നിച്ചു നിന്നവരാ...!

ആരോ വിളിച്ചപോലെ തോന്നിയോ....? ഉവ്വ് വിളിച്ചു പിറകിൽനിന്നല്ല.കീശയിൽക്കിടന്ന് ഫോൺ ബെല്ലടിക്കുന്നു.
ഇപ്പോൾ എന്റെ ബാല്യം,എന്റെ ഓണം,എന്റെ ചങ്ങാതിമാർ എല്ലാം എനിക്ക് നഷ്ടമാകുന്നു .ആ പഴയ ഞാൻ എനിക്ക് നഷ്ടമാകുന്നു.ഇപ്പോൾ ഇവിടെ ഇത് മറ്റൊരു ലോകമാണ് മതിലുകളുടെ ,അതിരുകളുടെ ,നിറങ്ങളുടെ,
വേർതിരുവുകളുടെ ശ്വാസം മുട്ടിക്കുന്ന മറ്റൊരു ലോകം.എന്റെ കഴിഞ്ഞുപോയ നല്ല ഓർമ്മകളും,ഓണവും
ഞാനിവിടെ നിങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് എന്റെ തിരക്കുകളിലേക്ക് ഞാൻ തിരിഞ്ഞുനോക്കാതെ നടക്കട്ടെ...!

പ്രജീഷ് കോട്ടക്കൽ
2
ഓർമപൂക്കളം #2

 

Gopikrishnan Vs

(മാവേലിയെത്തുന്നിടം)
ഓണമെന്നു പറയുമ്പോൾ മനസിലേക്കെത്തുന്നത് വെക്കേഷനും പൂ പറിക്കാൻ കാട് കയറിയതും തോട്ടു വക്കിലൂടെയുള്ള സാഹസികമായ സൈക്കിൾ യാത്രയും മരം കയറ്റവും കാത്തിരിക്കുന്ന ഒത്തുചേരലും പിന്നെ കവലകളിലെ മത്സരങ്ങളും പൂവിളിയും തുമ്പക്കുടവുമൊക്കെത്തന്നെയാണ്. പക്ഷേ ഒരുപാട് നൊസ്റ്റാൾജിയ അവകാശപ്പെടാനില്ലെങ്കിലും തെളിമയോടെ എന്നുമോർക്കുന്ന ഒരു ഓണം ഓർമ്മ ഞാനും എഴുതുന്നു.

എൻജിനീയറിങ് നൂലാമാലകൾ കഴിഞ്ഞു ജോലി കിട്ടാതെ അലഞ്ഞു തിരിഞ്ഞ് വീടിനടുത്തുള്ള ഒരു ചെറിയ 'ഇലക്ട്രോണിക്സ്' കമ്പനിയിൽ എത്തി നിൽക്കുന്ന കാലം, അല്ലെങ്കിൽ ചുമടെടുത്തും തെറി കേട്ടും എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിക്കൊണ്ടിരുന്ന സമയം.

ഓണമാണെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അപ്പോഴാണ് അവിചാരിതമായി വലിയൊരു ആശയവും ചുമന്നുകൊണ്ട് അവിടത്തെ അകൗണ്ട്സ് മാനേജരായ അഖിലേട്ടൻ വന്നത്. വീടിനടുത്തു കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലെ കുട്ടികൾക്ക് ഒരു 'ഓണസദ്യ' . കേട്ടപ്പോൾ എല്ലാവര്ക്കും കൊള്ളാമെന്നു തോന്നി. അടുത്ത ഘട്ടം വന്നപ്പോഴാണ് പ്രശ്നം "ശമ്പളത്തിന്റെ അമ്പതു ശതമാനം നമ്മൾ അവർക്കുവേണ്ടി മാറ്റി വെക്കുന്നു. സദ്യകഴിഞ്ഞു കൂടുതൽ വരുന്നത് അവിടെ സംഭാവനയും ചെയ്യാം". അൻപത് എന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ട കാര്യമില്ല . കാരണം ഞങ്ങളുടെ കമ്പനിയിൽ അത് എക്സ്പീരിയയൻസ് വെച്ച് കുറഞ്ഞത് 2000 വും കൂടിയത് 3000 വുമൊക്കെയാണ്. അങ്ങനെ നീണ്ട ഡിസ്കഷനു ശേഷം എല്ലാരും സമ്മതിച്ചു.

മഹാ കർക്കശ്ശക്കാരനായ വേലായുധൻ ചേട്ടനോട് വിലപേശി സദ്യ ഒരിലയ്ക്ക് 75 രൂപ വെച്ച് സമ്മതിപ്പിച്ചു. അഖിലേട്ടൻ അവിടെത്തെ വിശ്വസ്ഥസ്ഥാപനമായതിനാൽ അഡ്വാൻസ് വേണ്ടി വന്നില്ല. അങ്ങനെ ഞങ്ങൾ പത്ത് പേർ അഞ്ചു ബൈക്കുകളിലായി സദ്യവട്ടങ്ങളും ചുമന്നുകൊണ്ടു വലിയൊരു കാര്യം ചെയ്യാൻ പോകുന്ന ഭാവത്തിൽ അവിടേക്ക് യാത്രയായി. സിസ്റ്റർമാർ ഓർഫനേജിന്റെ മുന്നിൽ ഞങ്ങളെ വരവേൽക്കാൻ മനോഹരമായ പൂക്കളമൊരുക്കിയിരുന്നു ഞങ്ങൾ അവിടെ നിന്ന് സെൽഫിയെടുത്ത് ഉടനേ ഫെയിസ് ബുക്കിലിട്ടു. ചിലർ ഗേൾ ഫ്രണ്ടിന് വാട്സ് ആപ്പ് ചെയ്തു സെന്റി പിടിച്ചു. പിക്കിനു ലൈക്കെണ്ണം കൂടിയപ്പോൾ എല്ലാവർക്കും 'നമ്മൾ എന്തൊക്കെയോ ചെയ്യുന്നു' എന്ന ഭാവം വന്നു തുടങ്ങി. സിസ്റ്റർ മരിയ ഞങ്ങൾക്ക് ആ സ്ഥാപനത്തിന്റെ ചരിത്രം വിവരിച്ചു തന്നു. "പണ്ടൊക്കെ കൃത്യമായി പൈസ വരുമായിരുന്നു . ഇപ്പൊ നിങ്ങളെപ്പോലെയുള്ള സുമനസ്സുകളുടെ കാരുണ്യം കൊണ്ട് പിടിച്ചു നിൽക്കുന്നു." ഇത് കേട്ടതോടെ ഞങ്ങൾ വാനോളം ഉയർന്നു.

അതിനു ശേഷം അവർ ഞങ്ങളെ ഹാളിലേക്ക് കൊണ്ടുപോയി. അച്ചടക്കമുള്ള ആട്ടിന്കുട്ടികളെപ്പോലെ നാല്പതുപേർ സിസ്റ്ററിന്റെ പിന്നിൽ നിരന്നു. മൂന്ന് മുതൽ ആറു വയസുവരെ പ്രായമുള്ള കുഞ്ഞൻമ്മാർ. മുന്നിൽ രാജാക്കന്മാരെപ്പോലെ ഞങ്ങളും. "ഇനി നിങ്ങൾക്ക് അവരുമായി ഇടപഴകാം " എന്നുപറഞ്ഞു സിസ്റ്റർ നീങ്ങി. അതോടെ ആട്ടിൻ കുട്ടികൾ മുട്ടനാടുകളായി. രാജാക്കന്മാരോട് മുട്ടനാടുകൾക്ക് ഒരു ബഹുമാനവുമില്ല. അവർ ഞങ്ങളുടെ നെഞ്ചത്ത് യഥേഷ്ടം മേഞ്ഞു നടന്നു. ഡ്രൈവർ മഹേഷേട്ടൻ ആനയായി, ആനപ്പുറത്തു വെഞ്ചാമരവും ആലവട്ടവും തിടമ്പുമൊക്കെയായി നാല് പേർ, ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ചുറ്റും നടന്ന് ആന ക്ഷീണിച്ചു നിൽക്കുമ്പോൾ ചന്തിക്ക് തോട്ടി കൊണ്ട് കുത്തുകയും ചൂരൽ വീശി അടിക്കുകയും ചെയ്യുന്നു. അഖിലേട്ടൻറെ കഴുത്തിൽ കയറിയവനെ ഇറക്കാൻ ശ്രമിക്കുമ്പോൾ ഊഴം കാത്തു നിക്കുന്ന രണ്ടുപേർ കാലുവഴി കയറി തുടങ്ങിയിരിക്കുന്നു. വിജയൻറെ പുറത്ത് അല്ലു അർജുൻ ഫാൻസ്‌ ഉം ദുൽക്കർ ഫാൻസ്‌ ഉം സംയുക്തമായി നടത്തുന്ന ഇരട്ടത്തായമ്പക തകർക്കുന്നു. ഇതിനിടയിൽ നാല് വയസുകാരൻ ബീഹാറി പയ്യൻ ഭോജ്‌ പുരി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് മനസ്സിലാവാത്ത ഭാഷയിൽ എന്തോ പറഞ്ഞ് ഒരു കടിയും തന്നിട്ട് ഓടി. ജീവനിൽ കൊതിയുള്ള ക്യാമറകളെല്ലാം അവരവരുടെ കീശയിൽ ഒളിച്ചു. ഇടയിലിത്തിരി നേരം ഞങ്ങളും അവരിലാരോക്കെയോ ആയി. കയ്യിലുള്ള പൈസയുടെയും ഫെയിസ് ബുക്ക് ലൈക്കിന്റെ യും അഹങ്കാരം ആ ബഹളത്തിനിടയിലെവിടെയോ ഒഴുകിപ്പോയി. ഒടുവിൽ എല്ലാവരും ക്ഷീണിച്ച് കിടപ്പായി. ആനയും ചെണ്ടയുമൊക്കെ വീണു. വാനരപ്പട അപ്പോഴും തകർക്കുന്നു. എങ്ങനെയെങ്കിലും അവിടെന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. ഒടുവിൽ ഇവമ്മാരെ ഒതുക്കാൻ ഒരു വഴി കണ്ടെത്തി. കഥ പറഞ്ഞു കൊടുക്കുക. പിന്നീട് കഥകളുടെ വസന്തം.

"................ ആ നല്ലവനായ രാജാവിൻറെ പേരാണ് മഹാബലി , അദ്ദേഹം വരുന്ന സമയമാണ് നമ്മുടെ ഓണം." വികാരനിർഭരമായി ഞാൻ പറഞ്ഞവസാനിപ്പിച്ചു. കഥകേട്ട് മലയാളം മനസ്സിലാവാത്ത ഭോജ്പുരി മാത്രം കണ്ണ് തുടച്ചു. മറ്റുള്ളവർക്കെല്ലാം ഉത്തരം മുട്ടിക്കുന്ന സംശയമാണ്. ഉരുണ്ട ഭൂമി എങ്ങനെയാ ഒരു കാലു വച്ച് അളന്നെ ? ചവിട്ടിയാൽ ആരെങ്കിലും പാതാളത്തിലേക്ക് താന്നു പോവോ ? നാലു വയസുകാരൻ സുബിന് മാവേലിയെ കാണണം. വരും എന്ന് പറഞ്ഞതല്ലാതെ ഇതുവരെയും അവൻ കണ്ടിട്ടില്ല. കഥയുടെ ജെനുവിനിറ്റിക്കായി മാവേലിയെ കാണിച്ചു കൊടുത്തേ പറ്റൂ എന്നായി. ഒടുവിൽ വിജയനാണ് അഖിലേട്ടന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞത് "ദേ നിൽക്കുന്നു മാവേലി, വയറു കണ്ടില്ലേ. " എല്ലാരും ആ നർമ്മം ആസ്വദിച്ചു. അപ്പോഴേക്കും സിസ്റ്ററെത്തി "ഊണുകഴിക്കാൻ സമയമായി" എന്ന് ഒഫിഷ്യലായി അനൗൺസ് ചെയ്തു . കഴിഞ്ഞല്ലോ എന്ന സമാധാനത്തോടെ ഞങ്ങൾ എഴുന്നേറ്റു. ഇവരെ ദിവസവും മേയ്ക്കുന്ന ആ മാലാഖമാരെ അംഗീകരിക്കണം എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി.

ഊണു കഴിഞ്ഞ് പ്ലാൻ പോലെത്തന്നെ പിരിച്ചു കിട്ടിയ ഇരുപത്തയ്യായിരം രൂപ സിസ്റ്ററിനെ ഏൽപ്പി ച്ച് തിരികെ പോരുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായില്ല. പബ്ലിസിറ്റിയിലൂടെ ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ചതൊന്നുമല്ല യഥാർത്ഥ സന്തോഷം എന്ന് ഏറെക്കുറെ എല്ലാവർക്കുംമനസ്സിലായിക്കഴിഞ്ഞിരുന്നു. സിസ്റ്റർ മരിയയുടെ മനസ്സിലുള്ള സ്നേഹം ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന വെറും സഹതാപത്തേക്കാൾ പത്തരമാറ്റ് തിളങ്ങി നിൽക്കുന്നത് അപ്പോൾ ഞങ്ങളറിഞ്ഞു. പക്ഷേ ഇതിനിടയിൽ ഒരു അബദ്ധം പറ്റി. വേലായുധേട്ടന്റെ ദേഹണ്ണപ്പുരയ്ക്കു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് അഖിലേട്ടന്റെ ഉള്ളൊന്നു കാളിയത്. തള്ളി നിൽക്കുന്ന ആ കണ്ണുകളിൽ നിന്നും ഞങ്ങളും ആ മെസ്സേജ് വായിച്ചെടുത്തു. പിരിച്ചു കിട്ടിയ മുഴുവൻ പൈസയും സിസ്റ്ററിനെ ഏൽപ്പിച്ചു പോയി. വേലായുധേട്ടനു പൈസ കൊടുക്കുന്ന കാര്യം ആരും ഓർത്തില്ല .

വേലായുധേട്ടൻ കൊമ്പൻ മീശയുമായി വന്നപ്പോൾ ഞങ്ങൾ വടി വിഴുങ്ങിയപോലെ മുന്നിൽ. നിമിഷ നേരംകൊണ്ട് ഉഴുന്നാട്ടുന്നതും പച്ചക്കറി അരിയുന്നതും അടുപ്പിലൂതുന്നതും ഞങ്ങൾ സ്വപ്നം കണ്ടു. എന്ത് പറയണം എന്നറിയാതെ എല്ലാവരും മുഖത്തോടു മുഖം നോക്കി. ആരുടെ കയ്യിലും പൈസയില്ല ഒടുവിൽ അഖിലേട്ടൻ വിറച്ചു മടിച്ച് നടന്ന കാര്യം സത്യസന്ധമായി അവതരിപ്പിച്ചു. വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച ഞങ്ങളെ ഒരു പൊട്ടിച്ചിരികൊണ്ടാണ് ആ കൊമ്പൻ മീശക്കാരൻ അദ്‌ഭുതപ്പെടുത്തിയത് . "സാരമില്ലടാ പിള്ളേരേ... എന്തായാലും നിങ്ങള് ചെയ്തത് ഒരു നല്ലകാര്യമല്ലേ... നിങ്ങടെ കയ്യിൽ ഉള്ളപ്പോ തന്നാ മതി. ഇനീപ്പോ തന്നില്ലെങ്കിലും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. " അതുകേട്ടതോടെ ശരിക്കും കരച്ചിലാണ് വന്നത്. ആദ്യം ആരോരുമില്ലാത്ത കുറെ കുരുന്നുകൾ, പിന്നെ സിറ്റർ മരിയ ഇപ്പോൾ വേലായുധേട്ടനും. ഇനിയും തോൽക്കാൻ കഴിയില്ലായിരുന്നു. സിസ്റ്റർ മരിയ പറഞ്ഞ 'സുമനസുകൾ' എന്ന വാക്കിനു ഇനിയുമെന്തൊക്കെയോ അർത്ഥങ്ങൾ ഉള്ളതായി അപ്പോൾ തോന്നി.

ഈ കുറിപ്പെഴുതുമ്പോൾ മനസ്സിൽ ആ പഴയ ഓണപ്പാട്ടുണ്ട്.
"മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ .
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല"

ഇന്നാലോചിക്കുമ്പോൾ ഈ ഓണപ്പാട്ടിൽ ഓണമെത്തുന്നത് എവിടെയെല്ലാമാണ് എന്നതിനൊരുത്തരവും ഉണ്ട്. ആ വർഷം ഞാൻ നാലിടത്തു മാവേലിയെ കണ്ടു. ഒന്നാമത് കള്ളവും ചതിയുമില്ലാത്ത കുരുന്നുകളുടെ കൂടെ, രണ്ടാമത് അവരെയെല്ലാം ഒരുപോലെ കാണാൻ കഴിയുന്ന സിസ്റ്റർ മരിയയുടെ മനസ്സിൽ, മൂന്നാമത് നന്മ മാത്രം ചിന്തിച്ച, നുണ പറയാത്ത, അഖിലേട്ടൻറെ കുടവയറിൽ പിന്നെ കള്ളത്തരങ്ങളും കച്ചവടക്കണ്ണുമില്ലാത്ത വേലായുധേട്ടൻറെ കൊമ്പൻ മീശത്തുമ്പത്തും
3
ഓർമപൂക്കളം #3

 
Jayakumar Sasidharan

ഓണം എന്നു കേൾക്കുമ്പോൾ ഒരു പൈതലാകാൻ കൊതിയ്ക്കാറുണ്ട് മനസ്. എന്തിനും ഏതിനും അപ്പനും അമ്മയും കൂടെയുണ്ടായിരുന്ന കാലം. എല്ലാം അമ്മ തന്നിരുന്ന കാലം...

എന്റെ കുട്ടിക്കാലത്ത് കൂട്ടുകുടുംബം ആയതിനാൽ ഓണം ആഹ്ലാദത്തിന്റെ ദിനങ്ങളായിരുന്നു. അത്തപ്പൂവിടാൻ വെളുപ്പിന് മത്സരിച്ച് പൂപറിയ്ക്കുന്നതും പൂക്കളമിടുന്നതും ഊഞ്ഞാലാട്ടവും എല്ലാം ഓർമയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. പലപ്പോഴും കൊതിച്ചിട്ടുണ്ട് ആ ബാല്യത്തിലേയ്ക്കൊരു മടങ്ങിപ്പോക്ക്. മനസിൽ യാതൊരു കളങ്കവും വിഷമങ്ങളും ഒന്നിനെക്കുറിച്ചും വേവലാതിയും ഇല്ലാത്ത ബാല്യം. കളിത്തോക്കുകളും ഒറ്റപ്പൊട്ടാസും വളളിപ്പൊട്ടാസും പടക്കവും കമ്പിത്തിരിയും മത്താപ്പൂവും ഒക്കെയായി ഓണത്തിന്റെ അവധി ചേട്ടന്മാരും ചേച്ചിമാരും അനുജന്മാരും അനുജത്തിമാരും സുഹൃത്തുക്കളുമായും ആഘോഷപൂർവ്വം ആസ്വദിച്ച നാളുകൾ.

കാലങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും അവരുടേതായ കുടുംബങ്ങളിലായെങ്കിലും , തിരുവോണം അവരവരുടെ വീടുകളിലും ബാക്കി ദിവസങ്ങളിൽ എല്ലാവരും ഒത്തുചേർന്ന് ഓരോ വീടുകളിലുമായി ആഘോഷിച്ചു. ആ കൂടിച്ചേരലുകൾ എന്നെ പഠിപ്പിച്ചത് എന്റെ അപ്പന്റെയും സഹോദരങ്ങളുടെയും പരസ്പര സ്നേഹവും ബഹുമാനവുമാണ്. അവർ നല്കിയ പാഠങ്ങൾ ഞാൻ മറന്നിട്ടില്ല. അവർ ഓരോരുത്തരായി എന്നെന്നേയ്ക്കുമായി വിട്ടു പോയപ്പോഴും ഞങ്ങൾ മക്കൾ തലമുറ ആ ബന്ധവും കൂടിച്ചേരലുകളും തുടർന്നു പോരുന്നു.

ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴുള്ള അവസാന തിരുവോണം ജീവിതത്തിൽ മറക്കാൻ സാധിക്കാത്തതാണ്. അസുഖം മൂലം സംസാരശേഷി നഷ്ടപ്പെട്ട് കാലിലെ മുറിവിലെ വേദന മൂലം കരയുന്ന അപ്പനെ , ഞാൻ എടുത്തിരുത്തി കൂടെ ഇരുന്ന് കണ്ണീരുപ്പ് കലർന്ന ഓണസദ്യ കഴിച്ച തിരുവോണം. അപ്പന്റെ അവസാന ഓണസദ്യ. അന്ന് ആ കണ്ണ് നിറഞ്ഞിരുന്നു. അപ്പോൾ ആ മനസ് മന്ത്രിച്ചത് എന്താണെന്നു അറിയില്ല. ചിലപ്പോൾ ഒരു പക്ഷെ തന്റെ അവസാന തിരുവോണ സദ്യയാണെന്ന് മനസ് പറഞ്ഞിട്ടുണ്ടാകാം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പൻ ഞങ്ങളെ വിട്ടു പോയി. ഇപ്പോൾ ഓണത്തിന് പൂജിയ്ക്കാൻ വയ്ക്കുന്ന ഇലയിൽ വിളമ്പുന്ന സദ്യ കഴിയ്ക്കാൻ വരുന്നുണ്ടാകും എന്റെ അപ്പന്റെ ആത്മാവ്.

നാട്ടിൽ അവധിയ്ക്ക് ചെല്ലുമ്പോൾ കുടുംബ വീടിന്റെ മുറ്റം വരെ ചെന്നിട്ട് പോരാറുണ്ട്. ഞാനും പെങ്ങളും അനുജനും ജനിച്ചു വളർന്ന വീട്.. ഞങ്ങൾ പിച്ചവച്ചു നടന്ന വീട്... അപ്പന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്..... ഞാൻ ഇരുപത്തിരണ്ടു വർഷം ഓണം ആഘോഷിച്ച വീട്.. അതിപ്പോൾ മറ്റൊരാളുടേതാണ് . ആ മുറ്റത്തു നിന്നും ഒരിറ്റു കണ്ണീരുമായി തിരികെ മടങ്ങുന്നു. ആ മണ്ണ് തിരികെ സ്വന്തമാക്കണം എന്നുണ്ടായിരുന്നു , പക്ഷെ.. വാങ്ങാൻ കഴിയുന്ന സമയത്ത് എന്റെ കൈയിലൊതുങ്ങാത്ത വിലയിലേയ്ക്ക് മാറിയിരുന്നു. ആ ആഗ്രഹം മനസ്സിൽ കുഴിച്ചിട്ട് മറ്റൊരു സ്ഥലം വാങ്ങി വീടുവച്ചു. അവിടെ ഓണം കൂടാൻ എനിയ്ക്ക് സാധിച്ചിട്ടില്ല എങ്കിലും വാടക വീടുകളിൽ ഒരുക്കിയ ഓണങ്ങളേക്കാൾ മാധുര്യം ആ ഓണത്തിനുണ്ടായിരുന്നു. മുകളിൽ സിമന്റ് വാർത്തിട്ടുള്ള വീട്ടിൽ താമസിയ്ക്കണമെന്ന ആഗ്രഹം പറഞ്ഞിരുന്ന അപ്പന്റെ ആത്മാവിനെ ഞാൻ അവിടെ ആ ഉമ്മറത്തു കണ്ടു. എന്റെ മകനോടും ഭാര്യയോടും ഒപ്പം സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ തിരുവോണം ഉണ്ണുന്ന എന്റെ അമ്മയെ കണ്ടു. ഇതിലും വലിയ ഒരു ഓണസമ്മാനം എന്റെ അമ്മയ്ക്കു നല്കാൻ എനിക്കില്ലായിരുന്നു.

പ്രവാസിയായ ശേഷം തിരുവോണ ദിവസം അടുക്കുമ്പോൾ മനസിൽ ഒരു വിങ്ങൽ അനുഭവപ്പെടാറുണ്ട്. ജീവിതത്തിൽ ഒരിയ്ക്കലും തിരിച്ചു വരാത്ത നഷ്ട ദിനങ്ങളെ ഓർത്ത് കണ്ണു നിറയാറുണ്ട്. ഓർമ്മകളിൽ നിറയുന്ന ദാസേട്ടന്റെ പഴയ പൊന്നോണ തരംഗിണിയിലെ ഗാനങ്ങളിലൂടെ ഒഴുകി എന്റെ പഴയ തിരുമുറ്റത്തെത്താറുണ്ട് ഓണനിലാവും ഈ ഞാനും. ഒരു പൈതലായി അവിടെല്ലാം ഓടി കളിയ്ക്കാറുണ്ട്. ആ നല്ല ഓർമ്മകൾ മായാതെ അതിലെ നന്മകൾ മായാതെ ഇന്നും മനസിൽ സൂക്ഷിക്കുന്നു.

നിങ്ങൾക്കു വേണ്ടി ഞാനിവിടുണ്ട് , എന്നും നിങ്ങൾക്ക് ഓണമൊരുക്കാൻ എന്ന് വീട്ടുകാരോട് മനസ്സിൽ പറഞ്ഞു കൊണ്ട് നെടുവീർപ്പുകളും നോവുന്ന ഓർമകളുമായി ഇവിടെ സദ്യയൊരുക്കുന്നു. ഒരു മുറിയിൽ ജാതി, മത , രാജ്യ വ്യത്യാസമില്ലാതെ എല്ലാവരുമൊത്ത് ഓണസദ്യ കഴിയ്ക്കുമ്പോൾ 'മനുഷ്യരെല്ലാരുമൊന്നു പോലെ ' എന്ന വരി ഓർമ്മയിൽ തെളിയുന്നു.

എന്റെ ഓണം അന്നും ഇന്നും സ്നേഹ ബന്ധങ്ങളുടെ സമ്മേളനമാണ്. കുടുംബങ്ങളും സൗഹൃദങ്ങളും തമ്മിലുള്ള കെട്ടുറപ്പും , ആഘോഷം കഴിഞ്ഞു പിരിയുമ്പോൾ നിറയുന്ന കണ്ണുകളുടെ ഊഷ്മളതയുമാണ്. ഇവയെല്ലാം എന്റെ തലമുറയ്ക്കു അന്യമാകാതിരിയ്ക്കാൻ അവരിലേയ്ക്കും ഞാൻ പകർത്താൻ ശ്രമിയ്ക്കുന്നു. അവരുടെ ബാല്യത്തിലെങ്കിലും നന്മയുടെ ആഘോഷങ്ങളും ഒത്തുചേരലുകളും ഉണ്ടാകട്ടെ. ഭാവിയിൽ അവർക്കും വേണമല്ലോ ഓർമ്മയിൽ ഒരു പൂക്കളം. ആ പൂക്കളത്തിൽ സന്തോഷത്തിന്റേതായ പൂവിതളുകൾ മാത്രമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥന.
നമ്മുടെയെല്ലാം വരും തലമുറ പാരമ്പര്യത്തിലും ഐക്യത്തിലും പൈതൃകത്തിലും വളരട്ടെ.. അതിനായി നമുക്കും പ്രാർത്ഥിയ്ക്കാം....

ജയകുമാർ ശശിധരൻ
4
ഓർമപൂക്കളം #4

 

Shahul Kvk

എവിടെയായിരുന്നാലും മലയാളിയുടെ മനസ്സിൽ സന്തോഷത്തിന്റെ പൂക്കാലമാണ് പൊന്നോണം, ഓർക്കുമ്പഴേ ഗൃഹാതുരത്വം നിറഞ്ഞ് നിൽക്കുന്ന പൂക്കളും, ഊഞ്ഞാലും സദ്യയും, ആഘോഷങ്ങളുമാണ് ..

സന്തോഷവും സൗഹാർദവും ഇല്ലാതെ എന്തോണം ? എന്ത് പെരുന്നാൾ ?..

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു തിരുവോണനാൾ.. കമ്പനി ആവശ്യാർത്ഥം ഷാർജയിൽ പോയി, ട്രക്ക് റോഡ് വഴി തിരിച്ച് വരുമ്പോഴാണ് ഞാനവനെ ആദ്യമായ് കാണുന്നത്.വിജനമായ സ്ഥലത്ത് ഒരു വാഹനത്തെ ചാരി നിന്ന് എന്റെ കാറിന് കൈ നീട്ടിയ അങ്ങേ അറ്റം അവശനായ ഒരു യുവാവ്.
കാർ ഒരുഭാഗത്തേക്ക് ഒതുക്കി നിർത്തിയതും അവനെന്റെ അടുത്തേക്ക് ഓടി വന്നു.
മലയാളി അല്ലേ ? കുറച്ച് വെള്ളം തരോ ? ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ കണ്ണ് നിറഞ്ഞുള്ള ആ ചോദ്യം എന്നിൽ നീറ്റലുണ്ടാക്കി . കാറിലുണ്ടായിരുന്ന പകുതി തീർന്ന ഒരു വെള്ളത്തിന്റെ ബോട്ടിൽ ഞാനവന് നേരെ നീട്ടി. നിന്ന നിൽപ്പിൽ ശ്വാസം പോലും വിടാതെ ആ വെള്ളം മുഴുവൻ കുടിച്ച് ബോട്ടിൽ എനിക്ക് നേരെ നീട്ടി അയാൾ ചോദിച്ചു .

"നിങ്ങളുടെ പേരെന്താ " .

ഞാൻ കാറിൽ നിന്നും ഇറങ്ങി, കൈ കൊടുത്ത് സ്വയം പരിചയപ്പെടുത്തി. എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന്. അറബിയുടെ വണ്ടി ബ്രേക്ക് ഡൗൺ ആയപ്പോൾ, അദ്ദേഹം വരാൻ പറഞ്ഞതാണെന്നും,ഇവിടെ എത്തിയപ്പോൾ അവൻ വന്ന വണ്ടിയിൽ കേറി ഇത് വർക്ക് ഷോപ്പിൽ എത്തിച്ചിട്ട് പോയാൽ മതിയെന്നും പറഞ്ഞ് അയാൾ സ്ഥലം വിട്ടെന്നും പറഞ്ഞു .
മൂന്ന് മണിക്കൂറായി പച്ച വെള്ളം പോലും കിട്ടാതെ പൊരിവെയിലത്ത് ഒരു റിക്കവറി വാഹനം കാത്ത് സകല വണ്ടികൾക്കും കൈ കാണിച്ച് നിൽക്കുകയായിന്നു ആ പാവം.

ഇന്നോണമായത് കൊണ്ട് ചില സുഹൃത്തുക്കളെ റൂമിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്ത് വേണമെന്ന് ഒരു പിടിയുമില്ലെന്നും പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഓരോന്ന് സംസാരിച്ച് നിൽക്കുന്നതിനിടയിൽ ഒരു വാഹനം വന്നു. കാർ അതിലേക്ക് കയറ്റിയ ശേഷം തിരിച്ച് പോരാൻ ഒരുങ്ങുമ്പോൾ, അവനെ അവിടെ വിട്ടിട്ട് പോരാൻ എന്തോ മനസ്സനുവദിച്ചില്ല . റൂമെവിടെ ആണേലും റൂമിൽ വിടാമെന്ന് പറഞ്ഞ് ഞാനവനെ കൂടെ കൂട്ടി.

കാറിൽ അവൻ സ്വയം പരിചയപ്പെടുത്തി . പേര് പ്രസാദ്. പാലക്കാട് ജില്ലയിലാണ് . ബി എഡ് വരെ പഠനം .അച്ഛൻ മരിച്ചതോടെ ബാധ്യത തലയിലായി . അയൽവാസിയായ ദരിദ്ര കുടുംബത്തിലെ ഒരു കുട്ടിയെ സ്നേഹിച്ചിരുന്നു . ഇരു കുടുംബവും അവരുടെ സ്നേഹത്തിൽ ഒപ്പം നിന്നു . പക്ഷെ വെറും ഒരു ട്യൂഷൻ മാഷായ അയാൾക്ക് ബാധ്യതകൾ തലയിലേറ്റാവുന്നതിനുമപ്പുറമായിരുന്നു .വിവാഹം കഴിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോഴും പറഞ്ഞത് രണ്ട് കുടുംബത്തെയും പോറ്റാനാവുന്നതു വരെ നീ കാത്തിരിക്കണം എന്നാണ് . അവൾ അതിന് തയ്യാറായിരുന്നു .ഒരു പ്രൈവറ്റ് ഡ്രൈവറായി അന്ന് തുടങ്ങിയ പ്രവാസം .

"ഓണമായതോണ്ട് നീ ലീവ് ചോദിച്ചില്ലേ ?" എന്ന എന്റെ ചോദ്യത്തിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു.

"ലീവെടുക്കാൻ പറഞ്ഞിരുന്നു . അപ്പോഴാണ് വണ്ടി കേടുവന്നത് . അല്ലെങ്കിലും നമ്മളൊക്കെ മനസ്സിലല്ലേ ഓണമാഘോഷിക്കുന്നത് .പൂക്കളും പഴങ്ങളും നിറങ്ങളും നിറഞ്ഞ മണ്ണിന്റെ മണമുള്ള ആഘോഷം .കുറെ നല്ല ഓർമ്മകളുടെ പൂക്കളം .ഓണം ബാല്യത്തിനു നല്‍കിയത് മറക്കാനാവാത്ത വസന്തകാലമാണ്‌.ഗ്രാമത്തിന്റെ എല്ലാ നല്ലവശങ്ങളും മാത്രം അറിഞ്ഞ കുട്ടിക്കാലം.പൂക്കൾക്കായി കാട്ടിലും തൊടിയിലും കയറിയിറങ്ങി .പിന്നീട് മനസ്സിലെ വർണ്ണങ്ങൾ മണ്ണിലേക്ക് പകർത്തി .അതുകഴിഞ്ഞു തൂശനിലയുടെ മുന്നിലേക്ക് . 'അമ്മ വെച്ചുണ്ടാക്കി തരുന്ന സദ്യയുടെ സ്വാദ് . പിന്നെ നാട്ടിലെ ഓണാഘോഷങ്ങൾ ."

സംസാരത്തിനിടയിൽ അവന്റെ റൂമെത്തിയത് പോലും ഞങ്ങളറിഞ്ഞില്ല. അത്രമേൽ ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ വന്ന പോലെ..
ഞാനിറങ്ങുന്നില്ലെന്ന് പറഞ്ഞെങ്കിലും അവനെന്നെ വിട്ടില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കേറുമ്പോൾ മുറ്റമെന്ന് തോന്നിക്കുന്ന ചെറിയ സ്ഥലത്തു ഭംഗിയായി ഇട്ട ഒരു കുഞ്ഞുപ്പൂക്കളമുണ്ടായിരുന്നു.റൂമിലേക്ക് കേറിയപ്പോൾ അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു . കൂടെ താമസിക്കുന്ന രണ്ട്മൂന്ന് ചെറുപ്പക്കാർക്കെന്നെ പരിചയപ്പെടുത്തി.അവരോട് വൈകിയതിൽ ക്ഷമയും ചോദിച്ചു. ക്ഷണിച്ചവരെല്ലാം ഭക്ഷണം കഴിച്ചു പോയെന്ന് പറഞ്ഞു. എന്നെ റൂമിൽ കൊണ്ട് പോയി പായ എടുത്ത് വിരിച്ചു തന്ന് നിസ്കരിച്ചോളൂ അപ്പോഴേക്കും ഞാൻ കഴിക്കാനെടുക്കാമെന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ അത്ഭുതം തോന്നി.മനസ്സറിഞ്ഞ കൂട്ടുകാരൻ...

നിസ്ക്കാരം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയാക്കി വെച്ചിരുന്നു. ഞാനും അവനും ഒരുമിച്ചിരുന്നു .

വീട്ടിൽ നിന്നും തുടരെ വരുന്ന മിസ്കാളിനെ പറ്റി വേവലാതി പറഞ്ഞ്, നെറ്റുമായി കണക്ട് ചെയ്ത് അവനപ്പോൾ തന്നെ വിളിച്ചു.
" അമ്മേ .. അമ്മന്തിനാ കരയുന്നേ? . ഇവിടെ ആളുകൾ വന്ന് തിരക്കായതോണ്ടല്ലേ വിളിക്കാത്തെ. അമ്മ ഊണ് കഴിച്ചോ ? ഞാൻ കഴിചിച്ചിട്ട് കുറച്ച് നേരായി. അമ്മ വേഗം കഴിക്ക്‌ "
അങ്ങോട്ടവൻ പറയുന്നതെല്ലാം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

"അവരുടെ സന്തോഷത്തിന് ഒരു നുണയൊക്കെ പറയാമല്ലേ " എന്നവൻ ചോദിച്ചപ്പോൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.

" അടുത്ത ഓണം എനിക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കണം. അവൾ വേണം എനിക്ക് കുറി തൊടാൻ. അനിയത്തിമാരാവണം സദ്യ വിളമ്പുന്നത്. കൂട്ടുകാരാവണം ഒപ്പമിരിക്കേണ്ടത്. എന്നിട്ട് അച്ഛന്റെ ചാരുകസേരയിൽ പോയിരുന്ന് അച്ഛന്റെ ചുമരിലുള്ള ഫോട്ടോയിൽ നോക്കി പറയണം എല്ലാ ബാധ്യതയും ഈ മകൻ തീർത്തെന്ന്. എല്ലാം കഴിഞ് അമ്മയുടെ മടിയിൽ തലവെച്ച് എല്ലാം മറന്നൊന്നുറങ്ങണം. " ഇത് പറയുമ്പോ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാനും കരഞ്ഞു പോയി. എണീറ്റ് കൈ കഴുകി. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവനെന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.
"ഞാൻ ഇപ്പൊ കഴിച്ച ഈ ഭക്ഷണം ഉണ്ടല്ലോ .. അതിനേക്കാൾ രുചിയുണ്ടായിരുന്നെടാ നീ എനിക്ക് നൽകിയ ആ വെള്ളത്തിന് ". എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല . പരസ്പരം കെട്ടിപ്പിടിച്ചു .

തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോഴും മനസ്സ് അവൻ്റെ കൂടെയായിരുന്നു . ആ ഓണം എനിക്ക് തന്നത് ഒരു കൂട്ടുകാരനെ മാത്രമല്ല. സ്നേഹനിധിയായ ഒരമ്മയെയും കുടുംബത്തെയുമാണ്.
5
ഓർമപൂക്കളം #5

 

Geo S Kumar

എല്ലാവരുടെയും ജീവിതത്തിൽ കാണുമല്ലോ മറക്കാൻ പറ്റാത്ത ഒരു ഓണം... എനിക്കും ഉണ്ട് അങ്ങനൊരു ഓണം,ഒന്നല്ല കുറെ ഉണ്ട്....
ആദ്യം പതിനേഴാം വയസ്സിലെ ഓണക്കാലം ആണ് എഴുതാനുദ്ദേശിച്ചതു...... പിന്നെ ഒർത്തു ഇതാണ് എഴുതാൻ പറ്റിയ അവസരം അല്ലെങ്കിൽ ഇനി ഒരുഅവസരം കിട്ടാതെപോകും.........

കുറെ വർഷങ്ങൾക്കു മുൻപ് ആണ്, എന്റെ അച്ഛൻ വീട്ടിൽനിന്നും വഴക്കിട്ടു ഇറങ്ങി പോയ കാലം,
വീട്ടിൽ ആൺകുട്ടിയായി ഞാൻ മാത്രമുള്ളു, വീടിന്റെ ചുമതല മുഴുവൻ ഞാൻ ഏറ്റെടുത്തു പഠിപ്പൊക്കെ നിർത്തി,ജോലിക്കിറങ്ങി.. പല പല ജോലികൾ ചെയ്തു... ഞാൻ ചെയ്യുന്ന ജോലികളൊന്നും വീട്ടിൽ അറിയിച്ചിരുന്നില്ല,അമ്മ വിഷമിക്കുമെന്നു ഓർത്തു
അങ്ങനെ ആലപ്പുഴയിൽ ഒരു കംമ്പനിയിൽ ജോലി ചെയ്യുന്ന കാലം,ഓണം അടുത്ത് വരുന്നു അവിടെ ശമ്പളവും തുച്ഛം......വേറെ ജോലി ഒന്നും ശെരിയാകാതെ ഈ ജോലി ഉപേക്ഷിക്കാനും കഴിയാത്ത അവസ്ഥ.....

ഒരു ദിവസം നാട്ടിലെ എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞു.. പത്തനംതിട്ടയിൽ ഒരു ഗ്യാസ് ഏജൻസിയിൽ ജോലിക്കു ആളെ ആവശ്യം ഉണ്ടെന്നു തരക്കേടില്ലാത്ത ശമ്പളവും...

അങ്ങനെ ആലപ്പുഴയിലെ ജോലി ഉപേക്ഷിച്ചു ഞാനും അവനും പത്തനംതിട്ടക്ക് വച്ചുപിടിച്ചു.....

വീട്ടിൽ നിന്നും പോകാൻ ഇറങ്ങുമ്പോൾ,അമ്മ വേദനയും സ്നേഹവും കുട്ടികുഴച്ചു അച്ചാറും,ചമ്മന്തിപൊടിയുമൊക്കെ ഉണ്ടാക്കി തന്നു,എന്റെ ഡ്രെസ്സൊക്കെ ബാഗിൽ അടുക്കിപെറുക്കിവെച്ചപ്പോൾ അനിയത്തിയുടെ കണ്ണ് നിറയുന്നുണ്ടാരുന്നു.....

ഞാനും കൂട്ടുകാരനും അഡ്രെസ്സ് തിരക്കി പിടിച്ചു കംമ്പനി ഓഫീസിൽ എത്തി...
അവിടെ എത്തിയപ്പോളാ അറിഞ്ഞത് അത് ഒരു മാർക്കറ്റിംഗ് കമ്പനി ആരുന്നു....
ഉള്ള ജോലിയും പോയി ഓണക്കാലമാണ് വരുന്നേ,എന്തായാലും അവിടെ ജോലി ചെയ്യാൻ തീരുമാനിച്ചു

റൂം മാത്രം അവർത്തരും,ഫുഡ് സ്വന്തം ചിലവിൽ പുറത്തുനിന്നും കഴിക്കണം, ഞങളെ പോലെ ജോലി ഇല്ലാതെ അലഞ ഒരുപാടു ചെറുപ്പക്കാർ അവിടെ ഉണ്ടാരുന്നു കേരളത്തിന്റെ പല കോണിൽ നിന്നും വന്നവർ........

ഗൃഹോപകരണങൾ മാർക്കറ്റിംഗ് ആരുന്നു, അതിൽ പ്രദാനമായും ഗ്യാസ് അടുപ്പിന്റെ പാർട്സുകൾ ആരുന്നു.....
ഓഫീസിൽ ഒരു ഏരിയ മാനേജർ ഉണ്ട്,
രാവിലെ തന്നെ എല്ലാരും റെഡി ആയി വരാൻ പറഞ്ഞു,
എന്നിട്ടു എല്ലാവർക്കും ഓരോ വലിയ ബാഗ് തന്നു അതിൽ നിറച്ചും വില്പനക്കുള്ള സാദനങ്ങൾ കുത്തിനിറച്ചു.... അതിനു ശേഷം കസ്റ്റമറോടു എങ്ങനെ പെരുമാറണം എന്നൊക്കെ ഉള്ള ട്രെയിനിങ് തന്നു...... കമ്മീഷൻ വ്യവസ്ഥയിലാണ് ശംമ്പളം...
രാവിലെ, പോക്കാൻവയ്യാത്ത ബാഗും തൂക്കി വീടുകൾ തോറും..........................

വെറുപ്പും വേദനയും തോന്നി പക്ഷെ വീട്ടിലെ സ്ഥിതി ആലോചിച്ചപ്പോൾ........
വൈകിട്ട് അമ്മെ വിളിച്ചുപറഞ്ഞു....നല്ല ജോലിയാ എനിക്ക് ഇവിടെ സുഗമാ....വാക്കുകൾ ഇടറും മുൻപ് ഫോൺ കട്ട്ചെയ്തു...

പതുക്കെ പതുക്കെ പൊരുത്തപ്പെട്ടുതുടങ്ങി അത് അങ്ങനാണല്ലോ"സാഹചര്യം നമ്മളെ ഏതു അവസ്ഥയും അതിജീവിക്കാൻ പഠിപ്പിക്കും"

കൂടെ ഉള്ളവർ അത്ര ശെരിപുള്ളികൾ അല്ലെന്നു മനസിലായി,ചിലർ പലതരികിടയും കാണിച്ചു മുങ്ങാൻ തുടങ്ങി,ശെരിയായ അഡ്രെസ്സ്പോലും കമ്പനിയിൽ കൊടുത്തിട്ടുണ്ടായിരുന്നില്ല ചിലർ,
കംമ്പനിക് അതൊന്നും പ്രശ്നമല്ല അവർക്കു പ്രോഡക്റ്റ് വിറ്റുപോയാൽമതി

അങ്ങനെ ഓണം അടുത്തെത്തി,
ഞങൾ.....ഉത്രാടത്തിന്റെ അന്ന് ശംമ്പളം മുഴുവൻ ഒരുമിച്ചു വാങ്ങിച്ചു വീട്ടിൽ പോകാൻ തീരുമാനിച്ചു.... ഓണം ആഘോഷിക്കാൻ ഉള്ള ആശകൊണ്ടു ഞാൻ മാക്സിമം സാദനങ്ങൾ വിറ്റു തീർത്തു.......

ഉത്രാടത്തിന്റെ തലേ ദിവസം പത്തനാപുരത്തിനടുത്തുള്ള "കൂടൽ"എന്ന സ്ഥലത്തു ആണ് ഞാൻ എന്റെ മാർക്കറ്റിംഗ് ഏറിയ ആക്കിയത്,
ഒരു മലയോര ഗ്രാമം....
ജംഗ്ഷനിൽ നിന്നും ഒരു ബൈറൂട്ട് കേറി നടന്നു...... ഇരു സൈഡിലും വലിയ വലിയ വീടുകൾ
എനിക്ക് അറിയാമാരുന്നു ഈ വലിയ വീട്ടുകാർ എല്ലാം കണ്ണിൽ ചോര ഇല്ലാത്തവർ ആണ് അവരൊക്കെ ഷോപ്പിംഗ് മാളിൽ നിന്നൊക്കെ ക്വാളിറ്റി ഉള്ള വിലകൂടിയ സാദനങ്ങൾ വാങ്ങിക്കും നമ്മളെ കണ്ടാൽ ആട്ടി ഓടിക്കും,വല്ല പാവപ്പെട്ട വീടുകളിൽ ആണെകിൽ നമ്മളെ നല്ലപോലെ സത്കരിക്കയും സാദനം വാങ്ങുകയും ചെയ്യും......അതാണ് എന്റെ അനുഭവം

ആദ്യം കണ്ട വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടന്നു....
തോളിൽ പ്രാരപ്തങ്ങളുടെ ഭാരം നിറച്ച വലിയ ബാഗും തൂക്കി...മനസ്സിൽ പ്രാർത്ഥനയോടെ ഞാൻ...കാളിങ് ബില്ലിൽ വിരലമർത്തി, കാത്തുനിന്നു........കുറെ നേരം നിന്നിട്ടും അനക്കമൊന്നുമില്ല വീണ്ടും ബെല്ലടിക്കാൻ സ്വിച്ചിൽ വിരൽ വെച്ചതും....... ഡോർ തുറന്നു ഒരു പ്രായമായ സ്ത്രീ പുറത്തു വന്നു....... എന്നേക്കണ്ടതും ആ സ്ത്രീ ഒരു ശത്രുവിനെ കണ്ടപോലെ കലിച്ചു തുള്ളി....
ഹും.....എന്താ...ഇവിടെ ഒന്നും വേണ്ട നീ പെട്ടന്ന് പോകാൻ നോക്ക്.""....
ഞാൻ എന്തെങ്കിലും പറയും മുൻപ് അവർ അത്രയും പറഞ്ഞു ചാടിത്തുള്ളി...എന്റെ മുഖത്തടിക്കും പോലെ ഡോർ വലിച്ചടച്ചു !

വല്ലാത്ത വിഷമത്തോടെ ഞാൻ ഗേറ്റ് കടന്നു പുറത്തിറങ്ങി റോഡിലൂടെ നടന്നു...
അവർ രണ്ടാം നിലയിൽ സിറ്റ്ഔട്ടിൽ വന്നു നിന്ന് എന്നെ നിരീക്ഷിക്കുന്നുണ്ടാരുന്നു......
തുടക്കം തന്നെ പിഴച്ചല്ലോ ഈശ്വരാ...... ഞാൻ മനസ്സിലോർത്തു
ഞാൻ പിന്നെക്കണ്ട ഒന്ന് രണ്ടു വീടുകളിൽ കയറിയില്ല
അടുത്ത വീട്ടിൽ.... മനസില്ലാമനസോടെ ഗേറ്റ് തുറന്നു കടന്നു ചെന്നപ്പോൾ.....
അവിടെ എന്നെകാത്തുനിൽക്കുംപോലെ... ഒരു തടിച്ചു വെളുത്ത ചേച്ചി,ഡോറും തുറന്നു...വാതിൽക്കൽ നില്കുന്നു..
ചേച്ചിടെ നൈറ്റിയിൽ തൂങ്ങി പിടിച്ചു ഒരു കുഞ്ഞു മോളും ഉണ്ട്........
ഞാൻ മുഖത്തു നിറയെ ചിരിപടർത്തി പറഞ്ഞു...
ചേച്ചി........നല്ല ക്വാളിറ്റി ഐറ്റംസ് ആണ്,ഒരു അടുക്കളയിൽവേണ്ട എല്ലാമുണ്ട് നോക്കുന്നോ"...പതിവ് ഡയലോഗ് അടിച്ചു....
അവർ എന്തോ ചിന്തിച്ചു ഉറച്ചപോലെ,എന്നെ കാത്തിരുന്ന പോലെ!വീടിനുള്ളിലോട്ടു ക്ഷണിച്ചു... എനിക്കൊന്നും മനസിലായില്ല.... അവർ നേരെ എന്നെ അടുക്കളയിൽ കുട്ടികൊണ്ട് പോയി...... എന്നിട്ടു ചോദിച്ചു.......തന്റെ കയ്യിൽ ഈ ഗ്യാസ് അടുപ്പിന്റെ സാദനങ്ങളൊക്കെ ഉണ്ടോ, എങ്കിൽ....ആ..അടുപ്പിനു എന്തോ തകരാറുണ്ട് അതൊന്നു ശെരിയാക്കിത്താ...
ഗ്യാസ് അടുപ്പു ചുണ്ടികാണിച്ചു അവർ പറഞ്ഞു.......
അതിന്എന്താ ചേച്ചി ഞാൻ ശെരിയാക്കി തരാം...
എന്നുപറഞ്ഞു ഞാൻ ബാഗ് തറയിൽ വെച്ച്... അടുപ്പിന്റെ അടുത്ത് ചെന്നു... സിലിണ്ടർ ഓഫ് ആക്കി...ജോലിതുടങ്ങി.......
ചേച്ചിയുടെ കുഞ്ഞുമോൾ വായിൽ വിരലിട്ടു ചപ്പി കുടിച്ചോണ്ടു എന്നെ നോക്കി....
അവർ പതുക്കെ കുഞ്ഞിനെ എടുത്തോണ്ട് അകത്തേ റൂമിലേയ്ക്ക് പോയി..... ഞാൻ വളരെ ആത്മാർത്ഥമായി ഗ്യാസ് അടുപ്പിന്റെ ട്യൂബ് ഒക്കെ മാറി...ബർണർ ഒക്കെ തുടച്ചു ജോലി തുടർന്നു....
കുറച്ചുനേരം കഴിഞ്ഞപ്പോൾ
വീടിനുള്ളിൽ ആരുടെയൊക്കെയോ പിറുപിറുക്കലും കാലൊച്ചയുമൊക്കെ കേട്ടു.....

ഒരു ചേട്ടൻ അടുക്കളയിൽ വന്നു എന്നെ നിരീക്ഷിച്ചുകൊണ്ടു അടുക്കളയുടെ ഡോർ അടച്ചു.....
എനിക്കൊന്നും മനസിലായില്ല വീടിനുള്ളിൽ ആളിന്റെ എണ്ണം കൂടികൂടി വന്നു...

കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പോലീസകാര് വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു കുട്ടികൊണ്ട് പോയി.......
ആ ചേച്ചി അപ്പോൾ അവരോടായി പറഞ്ഞു "ഉപദ്രവിക്കുവൊന്നും ചെയ്യല്ലേ സാറേ......"

ആൾക്കൂട്ടത്തിനു ഇടയിലൂടെ പോലീസ് എന്നെ കുട്ടുകൊണ്ടുപോയി ജീപ്പിൽ ഇരുത്തി...
ഒരുകുറ്റവാളിയെ നോക്കുന്നപോൽ അവിടെ കൂടെ നിന്നവർ എന്നെ നോക്കി...
പോലീസ് സ്റ്റേഷനിൽ എത്തി SI ചോദ്യം ചെയ്തപ്പോളാ കാര്യം പിടികിട്ടീത്.....
കുറച്ചു നാൾ മുൻപ് മാർക്കറ്റിങ്ങിനു ചെന്ന ഒരാൾ ഞാൻ ചെന്ന അതെ വീട്ടിലെകുഞ്ഞു വാവയുടെ മാലയും പൊട്ടിച്ചു കടന്നുകളഞ്ഞു...... ആ നാട്ടുകാർ കാത്തിരിക്കുവാരുന്നു എന്നെപോലെ ഉള്ളവരെ"

പക്ഷെ ആ SI പെട്ടന്നുതന്നെ എന്റെ നിരപരാധിത്വം മനസിലാക്കിയിരുന്നു....

എങ്കിലും കംമ്പനിടെ മാനേജർ വരാതെ എന്നെ പുറത്തു വിടാൻ പറ്റില്ലാരുന്നു....
അയാളെ വിളിച്ചപ്പോൾ അയാൾ ഓണത്തിന്റെ അവധി എടുത്തു വീട്ടിൽ പോയി,ഓഫീസിൽ ആരുമില്ല
എന്റെ വീട്ടിൽ അറിയികാത്തിരിക്കാൻ SI മനസുകാണിച്ചു..

കൂട്ടുകാരനെ വിളിച്ചു...പൈസയുമായി വീട്ടിൽ പൊക്കോളാൻ പറഞ്ഞു അമ്മയോട് എന്തെങ്കിലും കള്ളം പറയണം എനിക്ക് വരാൻ പറ്റില്ലാന്ന്

ആവർഷത്തെ എന്റെ തുരുവോണം പോലീസ് സ്റ്റേഷനിലാരുന്നു...
ചതയത്തിന്റെ അന്നാണ് ഏരിയ മാനേജർ വന്നു സ്റ്റേഷനിന്നു പുറത്തു ഇറക്കിയത്........

കൂട്ടുകാരൻ കൊണ്ടുകൊടുത്ത പൈസകൊണ്ട് എന്റെ വീട്ടിൽ ഓണം ആഘോഷിച്ചു ഞാനില്ലാത്ത വേദനയിലും........അമ്മ നല്ലപോലെ ഉണ്ടുകാണില്ലന്നു എനിക്കറിയാം
പോലീസ് സ്റ്റേഷനിൽ ഇരുന്നുകൊണ്ട് മനസ്സിൽ അതെല്ലാം കാണുന്നുണ്ടാരുന്നു
ആവർഷം ഞാൻ ഗൾഫിലേക്ക് കേറിവന്നു, പിന്നെ ഇതുവരെയും ഓണത്തിനുമാത്രം വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല....................

ഇത്,ആരോടും ഇതുവരെ പറഞ്ഞിട്ടില്ല,എന്റെ കൂട്ടുകാരനും....
ഈ സംഭവം ഇടക്കിടെ ഒരു തമാശ പോലെ ഞാൻ ഓർക്കാറുള്ളു... ഇപ്പോൾ ഇവിടെ കുറിച്ചിടാൻ അവസരം കിട്ടിയതിൽ ഒരുപാടു നന്ദി.......

ജീയോ........
6
ഓർമപൂക്കളം #6

 

Maneesh Sreedharan

ഓണമോർമ്മകളെ കുറിച്ച് പറയണമെങ്കിൽ, ആദ്യം എന്റെ ചങ്ങാതിമാരെ കുറിച്ച് പറയണം..

ഞങ്ങൾ പതിനഞ്ചോളം വരുന്ന സമപ്രായക്കാരയ ചങ്ങാതിമ്മാർ.... എല്ലാവരുടേയും വീടുകൾ അടുത്തടുത്തു തന്നെ, ചെറുപ്പം മുതലേ കളിച്ചു വളർന്നവർ, എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ, പറഞ്ഞാൽ തീരില്ല ഞങ്ങളുടെ ചങ്ങാതികൂട്ടത്തെ പറ്റി..

അത്തം പിറന്നാൽ പിന്നെ ഞങ്ങൾക്കുത്സവമാണ്...
ഞങ്ങൾ കൂട്ടം കൂട്ടമായിട്ടാണ്
പൂപ്പറിക്കാൻ പോകുക. ഞങ്ങൾക്കുള്ള പൂക്കൾ ഞങ്ങളുടെ നാട്ടിൽ തന്നെ സുലഭമാണ്..

രാവിലെ ഒരു സഞ്ചിയും തൂക്കി നാട് മുഴവൻ പൂവും തേടിയുള്ള യാത്ര, എത്ര ആനന്തകരമാണെന്നറിയോ.?

ഉച്ചയാകുമ്പോഴേക്കും, പൂവെല്ലാം പറിച്ച് ഞങ്ങളെല്ലാരും ഒരു സ്ഥലത്ത് ഒത്തുകൂടും.. പറിച്ച പൂക്കെളെല്ലാം എല്ലാരും വീതിച്ചെടുക്കും...

ഉത്രാട ദിനത്തിലെ ഓണാഘോഷ പരുപാടികളിൽ ഞങ്ങളെല്ലാവരും നിറ സാനിദ്ധ്യമായിരുന്നു..

തിരുവോണദിനത്തിൽ ഓണ സദ്യയും കഴിച്ച്,ഓണക്കോടിയുടുത്ത് ചങ്ങാതിമാരുടെ കൂടെ നാട് മുഴുവൻ ഒരു കറക്കമുണ്ട്.., തലേ ദിവസം പറിക്കാൻ വിട്ടു പോയ പൂക്കളെ കാണുമ്പോൾ, കണ്ണിറുക്കി കാണിച്ച് അടുത്ത ഓണത്തിന് ശരിയാക്കി തരാമെന്ന് പറഞ്ഞ്,കളിയും ചിരിയുമായി നാടു മുഴവൻ ചുറ്റിയടിക്കും....

പ്രായം കൂടുന്തോറും ഞങ്ങളുടെ ഓണാഘോഷങ്ങൾക്ക് തിളക്കം കൂടി കൊണ്ടേയിരുന്നു..

ആ ഇടക്കായിരുന്നു ഞങ്ങളുടെ ചങ്ങാതികൂട്ടത്തിലെ കുട്ടൻ എന്ന കൂട്ടുകാരന്റെ, ഏട്ടനായ രതീഷേട്ടൻ വിവാഹിതനായത്...
വയനാട്ടിലെ വെള്ളമുണ്ട എന്ന സ്ഥലത്തായിരുന്നു വധുഗ്രഹം....

രതീഷേട്ടനെപ്പോലെ തന്നെ രതീഷേട്ടന്റെ ഭാര്യ ദിവ്യേച്ചിയും നല്ല സൗഹൃദമായിരുന്നു ഞങ്ങളോട്.. കുട്ടന്റെ ചങ്ങാതിമ്മാർ എന്ന് പറഞ്ഞ് ഞങ്ങളുടെ ചേച്ചിയായി എപ്പോഴും കൂടെയുണ്ടാവും...

കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസമായപ്പോൾ വീണ്ടും ഓണമെത്തി..
ആ പ്രാവിശ്യത്തെ ഓണത്തിന് ഞങ്ങളെല്ലാവരെയും ചേച്ചിയുടെവീട്ടിലേക്ക് ക്ഷണിച്ചു.. ഞങ്ങൾ കുറേ പേരുണ്ട് അതൊക്കെ ബുദ്ധിമുട്ടാവും വേണ്ടാന്ന് പറഞ്ഞിട്ടും, ചേച്ചി വിട്ടില്ല... വന്നേ പറ്റൂന്ന് പറഞ്ഞ് പിന്നാലെ കൂടി.. ചേച്ചിയോടുള്ള ബഹുമാനവും, സ്നേഹവും,കൊണ്ട് ഞങ്ങൾക്ക് പോകാതെ വേറെ വഴിയില്ലായിരുന്നു..

അങ്ങനെ തിരുവോണ ദിവസം ഞങ്ങൾ പതിനഞ്ചു പേരും, ചേച്ചിയും,രതീഷേട്ടനും കൂടി ചേച്ചിയുടെ നാടായ വെള്ളമുണ്ടക്ക് പോയി...
ചേച്ചിയുടെ വീടിന്റെ മുമ്പിൽ വരെ വണ്ടി പോകില്ല.... വണ്ടിയിറങ്ങി ചെറിയ ഇടവഴിയിൽ കൂടെ ഒരു കയറ്റം കേറി വേണം വീട്ടിലെത്താൻ...
ഞങ്ങൾ അവിടെ കാലത്തു തന്നെ എത്തി..

കുറേ നേരം അവിടിരുന്ന് ബോറടിച്ചപ്പോൾ വീടീന്റെ പരിസരസ്ഥലങ്ങൾ ചുറ്റിയടിക്കാമെന്ന് പറഞ്ഞ് രതീഷേട്ടനേയും, ചേച്ചിയേയും കൂട്ടി പുറത്തിറങ്ങി...

അവരുടെ വീടിന്റെ തൊട്ടടുത്ത് ഒരു ചെറിയ കുടിൽ കെട്ടിയിട്ടുണ്ട്. അതിന്റെ മുമ്പിലായി പുതിയ വീടുവെക്കാനുള്ള മൂന്ന് മുറി വീടിന്റെ തറയും പണിതിട്ടുണ്ട്..

ഒരു പ്രായമായ മനുഷ്യൻ ആ വീടിന്റെ മുറ്റത്തേക്ക് ചെങ്കല്ല് തോളിൽ കയറ്റി കൊണ്ടു വരുന്നത് കണ്ടപ്പോൾ, എന്തോ ഒരു വിഷമം തോന്നിയിട്ട്, ചേച്ചിയോട് ആദ്ദേഹത്തെപ്പറ്റി ചോദിച്ചു....

"അദ്ദേഹം ആ വീടിന്റെ ഗ്രഹനാഥനാണ്, ഗ്രഹനാഥനും, അദ്ദേഹത്തിന്റെ ഭാര്യയും മാത്രമേ വീട്ടിലുള്ളൂ പാവപ്പെട്ട ഒരു കുടുമ്പം... അവർക്ക് ആകെ ഒരു മകനേ ഉണ്ടായിരുന്നുള്ളു.., മൂന്ന് വർഷങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മകൻ മരണപ്പെട്ടു.. നാട്ടുകാരുടെയും,
പഞ്ചായത്തിന്റെയും സഹായത്തോടെ ഒരു ചെറിയ വീട് വെക്കുകയാണ്.. അതിനു വേണ്ട ചെങ്കല്ല് റോഡിൽ നിന്ന് ചുമടാക്കി കൊണ്ടുവരികയാണ്... "

ഇതൊക്കെ കേട്ടപ്പോൾ ഞങ്ങൾക്ക് വെറുതെ നിക്കാൻ തോന്നിയില്ല.. ചേച്ചിയുടെ വീട്ടിൽ പോയി കുറച്ച് തോർത്തും, ലുങ്കി മുണ്ടും, സംഘടിപ്പിച്ച് ഞങ്ങൾ എല്ലാരും അതൊക്കെയുടുത്ത് ആ വീട്ടിലേക്ക് പോയി ഗ്രഹനാഥന്റെ സമ്മതത്തോടു കൂടി ആ ചെങ്കല്ലുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി... ഏതാണ്ട് രണ്ട് മണിക്കൂറുകൊണ്ട് ഇരുന്നൂറോളം കല്ലുകൾ ഞങ്ങൾ ചുമന്ന് ആ വീട്ടുമുറ്റത്ത് നിരത്തി...

നിങ്ങളയൊന്നും എനിക്കൊരു പരിചയവുമ്മില്ല, എന്നിട്ടും നിങ്ങൾ എന്നെ സഹായിക്കാൻ വന്നു... ദൈവം നല്ലതേ വരുത്തൂന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ ഞങ്ങളെ അനുഗ്രഹിച്ചു....

അടുത്തുള്ള പുഴയിൽ നിന്ന് കുളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ ചേച്ചിയുടെ വീട്ടിലെത്തി....എന്നെയേയും, കുട്ടനയേയും ചേച്ചി അടുത്തേക്ക് വിളിച്ച്, അഞ്ഞൂറ് രൂപ കൈയ്യിൽ തന്നിട്ട് പറഞ്ഞു "ഈ പൈസ കൊണ്ട് നിങ്ങൾ ആ അച്ഛനും, അമ്മയ്ക്കും ഓണക്കോടി വാങ്ങിയിട്ട്, എല്ലാരും കൂടി ചേർന്ന് അവർക്ക് കൊടുക്കണം, നിങ്ങളെ അവർക്ക് ഒരുപാട് ഇഷ്ടമായി....
ഓണക്കോടി കൊടുക്കാൻ അവർക്ക് ആരുംമില്ല.. അവരുടെ മകൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ...!!
പക്ഷേ ഞാൻ പൈസ തന്ന കാര്യം രതീഷേട്ടനോടൊന്നും പറയണ്ട... നിങ്ങള് തന്നെ വാങ്ങിയതാണെന്ന് പറഞ്ഞാൽ മതി...

ചേച്ചിയുടെ നിർബദ്ധത്തിനു വഴങ്ങി ഞങ്ങൾ ആ അച്ഛനും അമ്മയ്ക്കും ഓരോ ജോഡി ഓണക്കോടി വാങ്ങി, എല്ലാരെയും കൂട്ടി അവിടെപ്പോയി അവരുടെ കൈകളിലേക്ക് നൻകി..
അവർ ആ കവർ പൊട്ടിച്ച് നോക്കിയതിനു ശേഷം, ആ അച്ഛന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു.. കരച്ചിൽ നിയന്ത്രിക്കാനാകാതെ അദ്ദേഹം പൊട്ടിക്കരഞ്ഞു.. അമ്മക്ക് കിട്ടിയ ഓണക്കോടി കടിച്ച് പിടിച്ച് കരച്ചിൽ നിയന്ത്രിക്കാനാകാതെ എങ്ങലടിക്കുന്നുണ്ടായിരുന്നു..
ഞങ്ങളെല്ലാരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

തിരുവോണ നാളിൽ ഇങ്ങനൊരു പ്രവർത്തി ചെയ്യാനായതിൽ ഞങ്ങൾക്ക് ദിവ്യേച്ചിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്...

രതീഷേട്ടനോട് പറയണ്ടാന്ന് പറഞ്ഞിരുന്നെങ്കിലും, പറയാതിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല... അത്രക്ക് നല്ല മനസ്സുള്ള ഭാര്യയെ ഭർത്താവ് ആറിയാതെ പോകരുതല്ലോ....

"ഒരിക്കലും,മറക്കാനാകാത്ത ഒരോണാഘോഷം "

മനീഷ് ശ്രീധരൻ
7
ഓർമപൂക്കളം #7

 

14) Jayakumar Nair with Magesh Boji.

പതിനെട്ടുവർഷങ്ങൾക്ക് മുമ്പുള്ള ഒരു തിരുവോണദിനം . അന്ന് ക്ലബ്ബിലെ ഓണാഘോഷപരിപാടികൾ വാശിയോടെ നടന്നുകൊണ്ടിരിക്കയായിരുന്നു . ആ സമയത്താണ് ഞങ്ങളുടെ കാതിൽ ആ വാർത്തയെത്തുന്നത് . ഞങ്ങൾ ക്ലബ്ബിന്റെ ഭാരവാഹിത്വം മറന്നുനേരെ ഭവാനിയമ്മയുടെ വീട്ടിലേക്ക് വേഗം നടന്നു .

ഭവാനിയമ്മ ഒരു പാവം വൃദ്ധ . എന്നും രാവിലെ എന്റെ വീട്ടിൽ വരും.അന്നും എന്റെ വീട്ടിൽ വന്നിട്ട് അമ്മയോടായി പറഞ്ഞു .

" എടി മീനാക്ഷി , ഇത്തിരി ഉമിക്കരി ഇങ്ങെടുത്തേ"

പല്ലുതേപ്പ് കഴിഞ്ഞു ചായയും കുടിച്ചിട്ട് നേരേ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്‌ ഈറനോടെ മഹാദേവനെ തൊഴുത്തിട്ട് അൽപനേരം അരയാൽ ത റയിൽ വന്നിരിക്കും . വരുന്നവരോടും പോകുന്നവരോടും കുശലം ചോദിക്കും . പിന്നെ അടുത്തുള്ള അംഗനവാടിയിൽ വൈകുന്നവരെ കുട്ടികളോടൊപ്പം ഇരിക്കും . കുട്ടികൾക്ക് പാട്ടുപാടികൊടുത്തും കഥകൾ പറഞ്ഞുകേൾപ്പിച്ചും സമയം കളയും . അംഗൻവാടിയിൽ ടീച്ചറും ആയയുമുണ്ടങ്കിലും ഭവാനിയമ്മയാണ് കുട്ടികൾക്കിഷ്ടം . കുട്ടികളോടൊപ്പമിരുന്ന്‌ കഞ്ഞിയും ഉപ്പുമാവും കഴിക്കും .

വൈകുന്നേരം ദീപാരാധന സമയം വരെ അമ്പലത്തിൽ കഴിച്ചുകൂട്ടി പായസമോ വെള്ളച്ചോറോ എന്തെങ്കിലും കയ്യിൽ കരുതി അന്തിയുറങ്ങാൻ വിജയമ്മയുടെ വീട്ടിലേയ്ക്കു പോകും.

ഭവാനിയമ്മയുടെ ജേഷ്ഠത്തിയുടെ മകളാണ് വിജയമ്മ. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച വിജയമ്മയെ വളർത്തിയത് ഭവാനിയമ്മയാണ് . വളരെയധികം കഷ്ടപ്പെട്ടും വയലിൽ പണിയെടുത്തും അവർ വിജയമ്മയെ വളർത്തി . വിജയമ്മ , സ്‌നേഹമില്ലാത്തവളും തന്നിഷ്ടക്കാരിയുമായിരുന്നു . ഭർത്താവ് ഉപേക്ഷിച്ചുപോയ വിജയമ്മയ്ക്കൊരു മകനുണ്ട് ഉണ്ണി . ഉണ്ണിയേയും വളർത്തിയത് ഭവാനിയമ്മയാണ് . ഉണ്ണി ഗൾഫിലൊക്കെപോയി വലിയ പണക്കാരനായി . വലിയൊരുവീടും സാമ്പത്തികനേട്ടങ്ങളുമായപ്പോൾ ഭവാനിയമ്മയെ വേണ്ടാതായി .കൈകൾക്ക് വിറയൽ ഉള്ളതിനാൽ ജോലിചെയ്യാനും വയ്യാതെയായി.

ടൈൽസിട്ട പ്രതലം ചെരുപ്പിടാതെ നടന്നു വൃത്തികേടാക്കുന്നു . വെറ്റില മുറുക്കി മുറ്റത്ത് തുപ്പുന്നു എന്നൊക്കെ കുറ്റങ്ങൾ കണ്ടുപിടിച്ച് ഭവാനിയമ്മയെ വീടുപണിക്ക് മുന്നോടിയായി പണിഞ്ഞ ഷെഡിലെയ്ക്ക് വിജയമ്മ താമസം മാറ്റിച്ചു .

വിജയമ്മയുടെ വാക്കുകൾകേട്ട് , ഉണ്ണി ശകാരിക്കുന്നത് ഭവാനിയമ്മയിൽ സങ്കടം തീർത്തിരുന്നു .

“എന്ടെ കൈയ്യിലിരുന്നു വളര്‍ന്ന ഉണ്ണിമോന്‍ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് സഹിക്കില്ല മീനാക്ഷി.... ഇന്നാളില്‍ വരെയും അവന്‍ എന്ടെ തുണിത്തുമ്പില്‍ നിന്നും മാറില്ലായിരുന്നു” അവര്‍ അമ്മയോട് വിതുമ്പി കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അന്നത്തെ ഓണത്തിന് ഭവാനിയമ്മ, അവധിക്കുവന്ന കൊച്ചുമോന്‍ തിരുവോണ സദ്യയുണ്ണാന്‍ വിളിച്ച സന്തോഷത്തിലായിരുന്നു.

ഞങ്ങള്‍ ഭവാനിയമ്മയുള്ള വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ ഉണ്ണി അടുത്തിരുന്നു അവര്‍ക്ക് സദ്യ വിളമ്പികൊടുക്കുന്നു . പുതിയ കസവ് നേര്യതുമൊക്കെയുടുത്ത് ഭവാനിയമ്മ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

ഞങ്ങളെ കണ്ടപ്പോള്‍തന്നെ ഉണ്ണി അടുത്തുവന്നു .

“ഭവാനിയമ്മയെ എവിടെ കൊണ്ടുപോകുന്നു” ഞാന്‍ ചോദിച്ചു.

.“മോനേ എന്നെ ഇവര്‍ ഏറണാകുളത്തുള്ള ഒരു അമ്പലത്തില്‍ തൊഴാന്‍ കൊണ്ടുപോകുന്നു” കൈകഴുകി വന്ന ഭവാനിയമ്മയാണ് മറുപടി തന്നത്

“അമ്പലത്തിലോ? വൃദ്ധസദനത്തിലോ?” കൂട്ടത്തില്‍ വന്ന ഹരി രോഷാകുലനായി.

“എന്ടെ വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിങ്ങളൊക്കെ ആരാ...” വിജയമ്മ ഞങ്ങളുടെ ഇടയില്‍ വന്ന് ഒച്ചയുണ്ടാക്കി.

“ഞങ്ങള്‍ നാട്ടുകാര്‍ അവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്‌ .ഭവാനിചേച്ചി അനാഥയല്ല . അവര്‍ക്ക് ഞങ്ങളുണ്ട്. ഈ നാട്ടുകാരുണ്ട്”
.
ക്ലബ്ബിന്റെ പ്രസിഡന്റ് സോമേട്ടന്‍ ഉറക്കെപറഞ്ഞു.

“എന്ടെ മക്കളെ എനിക്കീ മണ്ണ് വിട്ടെങ്ങോട്ടും പോവേണ്ടാ... എനിക്കീ മണ്ണില്‍ മരിക്കണം ഞാന്‍ ഇത്ര ഭാരമായോ ഉണ്ണി നിനക്ക് “. ഭവാനിയമ്മ ഏങ്ങലടിച്ചു കരഞ്ഞു.

പിന്നെ അവിടെ വാക്കുതര്‍ക്കവും ബഹളവുമായി. ഇതിനിടയില്‍ ആരോ ഉണ്ണിയുടെ ചെകിടത്ത് രണ്ടുപോട്ടീരുകൊടുത്തു.

അവസാനം ഉണ്ണി, ഭവാനിയമ്മയ്ക്ക് ആ നാട്ടില്‍ എവിടെയെങ്കിലും മൂന്ന് സെന്റ്‌ സ്ഥലം വാങ്ങിക്കൊടുക്കാമെന്ന് സമ്മതിച്ചു. ഭവാനിയമ്മയ്ക്ക് ഞങ്ങള്‍ പിന്നീടു ക്ലബിലെതന്നെ ഒരു മുറി താമസിക്കാന്‍ നല്‍കി.

പിന്നെ ക്ലബ്ബിന്റെയും നാട്ടുകാരുടെയും സഹായത്താല്‍ ഭവാനിയമ്മയ്ക്ക് വീട് ഉണ്ടാക്കികൊടുത്തു . അടുത്ത തിരുവോണത്തിന് ക്ലബിന്റെ വകയായി താക്കോല്‍ദാനം നല്‍കി .
അങ്ങനെ കുറച്ചുവര്‍ഷങ്ങള്‍ ഭവാനിയമ്മ അവിടെ സന്തോഷത്തോടെ ഞങ്ങളുടെ നാട്ടില്‍ ജീവിച്ചു. പിന്നീടു ഞങ്ങളെവിട്ടു പരലോകത്തേയ്ക്ക് പോയി . ഭവാനിയമ്മയ്ക്ക് അവസാനം ഒരു ആഗ്രഹമുണ്ടായിരുന്നു വീടും സ്ഥലവും അംഗന്‍വാടിയ്ക്ക് നല്‍കണം . അതും ഞങ്ങള്‍ സാധിച്ചുകൊടുത്തു .

ഒരുമയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഓണമോര്‍മ്മകളില്‍ ഓണപ്പുവിന്റെ ചേലോടെ ഭവാനിയമ്മ ചിരിതൂകി നില്‍ക്കുന്നു . കൂടെ അവര്‍ കുട്ടികള്‍ക്ക് പാടികൊടുത്തിരുന്ന ഗാനശകലങ്ങളും.
8
ഓർമപൂക്കളം #8

 

Remya Rathish with Annu Pradeep and Magesh Boji.

ഒട്ടു മിക്ക എല്ലാ മലയാളികളെപ്പോലെ തന്നെ ഓണം എന്നാല്‍ എനിക്കും കുട്ടിക്കാലം തന്നെ.പല നിറത്തിലുള്ള പൂക്കള്‍ കൂടിച്ചേര്‍ന്ന് വര്‍ണ്ണമനോഹരമായ പൂക്കളം ആകുംപോലെ,പല മനസുകള്‍ തമ്മിലുള്ള കൂടിച്ചേരല്‍.പിണക്കങ്ങള്‍ ഒക്കെയും മറന്നു ഇണക്കങ്ങളുടെ പൂക്കാലം.പങ്കുവയ്ക്കലിന്‍റെ സമൃദ്ധിയില്‍ വിരിയുന്ന നിറങ്ങള്‍ നമ്മുടെ മനസ്സില്‍ തീര്‍ക്കുന്ന പൂക്കളമാവണം ഓണം എന്ന തിരിച്ചറിവിന്‍റെ കാലത്തുണ്ടായ ഒരനുഭാവമാണിത്.

കുട്ടിക്കാലത്ത് ഓണമെന്നാല്‍ ഏറ്റവും വലിയ സന്തോഷം ഓണാവധി തന്നെ.പരീക്ഷയുടെ അവസാന ദിവസം എങ്ങനെയെങ്കിലും എഴുതിയോപ്പിച്ചു വീടിലേക്ക്‌ ഓടാനുള്ള തിടുക്കത്തിലായിരിക്കും.വീട്ടിലെത്തിയാലോ കെട്ടഴിഞ്ഞ പട്ടത്തിന്‍റെ അവസ്ഥയാ..അയലത്തെ കുട്ടികള്‍ക്കൊപ്പം കൂടും.പാടത്തും തൊടിയിലും മനസിലും മുതിര്‍ന്നവര്‍ തീര്‍ത്ത അതിര്‍വരമ്പുകള്‍ ഞങ്ങള്‍ കുട്ടികള്‍ക്കില്ലായിരുന്നു.കാക്കപ്പൂവിനും,തുമ്പപ്പൂവിനും,കൃഷ്ണകിരീടിക്കും തല്ലുകൂടുന്ന ഞങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അതൊക്കെമറന്നു വീണ്ടും കൂട്ടുകൂടിയിരുന്നു.ഓരോരുത്തരുടെയും മുറ്റത്ത്‌ തീര്‍ക്കുന്ന പൂക്കളങ്ങള്‍ കണ്ടു വിലയിരുത്തലാണ് പിന്നെ.എന്നിട്ടോ "നമ്മുടെതാ നല്ലത്.."എന്നുപറഞ്ഞ് സ്വയം ആശ്വസിക്കും.

കൊല്ലത്തിലൊരിക്കല്‍ എടുക്കുന്ന കോടിയും,സദ്യയും,പായസവും ചില്ലറ സന്തോഷം ആയിരുന്നില്ല കുഞ്ഞുമനസുകളില്‍ ഉണ്ടാക്കിയിരുന്നത്.ഞങ്ങളുടേതടക്കം ഒട്ടുമിക്ക വീടുകളും ഇടത്തരം കുടുംബങ്ങളായിരുന്നു.അവിടെ ഒരു അല്പം സാമ്പത്തികശേഷി കൂടുതലുണ്ടായിരുന്നത് ഞങ്ങളുടെ വീടിനു അങ്ങേക്കരയിലുള്ള ലച്ചുവെന്ന ലക്ഷ്മിയുടെ വീട്ടിലാണ്.അവളുടെ അച്ഛന്‍ ഗള്‍ഫിലാണ്.

ലച്ചുവിന്‍റെ അമ്മ 5 വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ മരണപ്പെട്ടു.കൊച്ചുകുട്ടിയായ ലച്ചുവിന് ഒരു അമ്മവേണം എന്ന ആവശ്യമുന്നയിച്ച് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവളുടെ അച്ഛന് നിരസിക്കാനായില്ല.അമ്മയുടെ അടുത്ത ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയെ അച്ഛന്‍ വിവാഹംകഴിച്ചു.ആദ്യത്തെ ഒന്ന് രണ്ടു വര്‍ഷം ആ സ്ത്രീ ലച്ചുവിനെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു ലാളിച്ചു..അവര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ അവഗണനയുടെ മുള്ളുകള്‍ ലച്ചുവില്‍ തറച്ചു തുടങ്ങി.ലച്ചുവിന്‍റെ മുത്തശ്ശി മിക്കപ്പോഴും വീട്ടില്‍ വരാറുണ്ട്.അവര്‍ പറഞ്ഞുള്ള അറിവാണിത് കേട്ടോ.ആ മുത്തശ്ശനും മുത്തശ്ശിയും ലച്ചുവിനെ കുറിച്ചോര്‍ത്തു ഏറെ വേവലാതിപ്പെട്ടിരുന്നു.

തിരുവോണനാള്‍..രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പ്‌ ഒക്കെയിട്ട് മത്സരിച്ചു പൂക്കള്‍ ശേഖരിച്ചു പൂക്കളമിട്ടു.ലച്ചുവിനെ ഞങ്ങളന്നു കണ്ടതേയില്ല.അവളുടെ വീട്ടില്‍ 2 ദിവസം മുന്‍പേ അതിഥികളുടെ തിരക്കായിരുന്നു.മുറ്റത്ത്‌ മാവിന്‍കൊമ്പില്‍ അച്ഛന്‍ കെട്ടിത്തന്ന ഊഞ്ഞാലാടുമ്പോള്‍ അമ്മയോട് ചോദിച്ചു "ലച്ചൂനെ കണ്ടില്ലല്ലോമ്മേ.." "അവിടെ എല്ലാരും വന്നിട്ടില്ലേ കുട്ടി തെരക്കിലാവും"അമ്മ സമാധാനിപ്പിച്ചു.ഉച്ചക്ക് ഇലയിട്ട് അമ്മയുടെ കൈപ്പുണ്യം കിനിയുന്ന സദ്യയുണ്ടു..സ്നേഹമധുരം മേമ്പൊടി തൂവിയ പായസമുണ്ടു.കൈകഴുകി വന്നപ്പോള്‍ ചെറിയ ഒരടുക്കുപാത്രത്തില്‍ അമ്മ പായസം അടച്ചെടുത്തു.ലച്ചുവിന്‍റെ വീട്ടില്‍ കൊടുക്കാന്‍.നമ്മുടെ സ്നേഹവും നന്മയും പങ്കുവയ്ക്കുന്നതിന്‍റെ പ്രതീകമായി തിരുവോണനാളില്‍ ഉണ്ടാക്കിയ മധുരം അയല്‍വീടുകളില്‍ കൊടുക്കുന്ന പതിവുണ്ടായിരുന്നു.

ലച്ചുവിന്‍റെ വീട്ടില്‍ ഒരുത്സവത്തിന്‍റെ തിരക്കും ബഹളവും..പൊട്ടിച്ചിരികളും തമാശയുമായി ചെറിയമ്മയും ബന്ധുക്കളും കുഞ്ഞുവാവയെ കളിപ്പിക്കുന്നുണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോള്‍ ചെറിയമ്മ അങ്ങോട്ടേക്ക് വന്നു.അവര്‍ വല്ലപ്പോഴും മാത്രമാണ് എന്‍റെ അമ്മയോട് സംസാരിച്ചിരുന്നത്." കുറച്ചു പായസാണ്..ലച്ചു...?"പാത്രം അവര്‍ക്ക് നേരെ നീട്ടിക്കൊണ്ട് അമ്മ ചോദിച്ചു.അവര്‍ ആ പാത്രം വാങ്ങാതെ അടുക്കളപ്പുറത്തെക്കു കൈ ചൂണ്ടി"ദാ..അവിടെ.."എന്ന് പറഞ്ഞ് അകത്തേക്ക് പോയി.അവരുടെ മനസിന്‍റെ വലിപ്പമില്ലായ്മ മനസിലാക്കിയ പോലെ അമ്മ ഒരു ചെറുചിരിയോടെ എന്‍റെ കൈപിടിച്ച് അടുക്കളപ്പുറതെക്ക് നടന്നു.

അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു.അടുക്കളയില്‍ നിന്നും പുറത്തേക്ക് ഉള്ള ചായ്പ്പിലെ തടിമേശയില്‍ ഒരു പാത്രത്തില്‍ ഒന്നോ രണ്ടോ കറികള്‍ കൂട്ടി ചോറ് ഉണ്ണുന്ന ലച്ചു.നിറഞ്ഞൊഴുകുന്ന മിഴികള്‍ അവള്‍ കാണാതെ നേര്യതിന്‍ തലപ്പ്‌ കൊണ്ട് ഒപ്പിയെടുത്ത് മുത്തശ്ശി അവള്‍ക്കരികില്‍.ഞങ്ങളെ കണ്ടതും മുത്തശ്ശി അറിയാതെ തേങ്ങിപ്പോയി..അമ്മ പായസപാത്രം മേശമ്മേല്‍ വച്ച് ലച്ചുന്‍റെ ഇരുതോളിലും പിടിച്ച് അവള്‍ക്കരികില്‍ ഇരുന്നു.ദയനീയമായ നോട്ടം കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു.പഴയ ഒരുടുപ്പായിരുന്നു അവളിട്ടിരുന്നത്.തേങ്ങലിനിടയിലൂടെ മുത്തശ്ശി അമ്മയോട് "തിരുവോണായിട്ട് ഒരു നല്ലതുണിയോ വയറുനിറയെ കഴിക്കാനോ എന്‍റെ കുട്ടിക്ക് കൊടുക്കനായില്ലല്ലോ മോളെ എനിക്ക് ..പ്രായമായ ഞങ്ങളുടെ വാക്ക് ആര് കേള്‍ക്കാന്‍"

മുത്തശ്ശിയുടെ അനുവാദത്തോടെ അമ്മ ലച്ചുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.ഇലയിട്ട് ഊണ് വിളമ്പി കൂടെയിരുത്തി അമ്മ അവളെ കഴിപ്പിച്ചു.ഇതിനിടെ അച്ഛന്‍ പുറത്തേക്കു പോകുന്നത് കണ്ടു.ലച്ചു വയര്‍ നിറയെ കഴിച്ചു പായസവും കുടിച്ച് കൈ കഴുകുമ്പോഴേക്കും അച്ഛനെത്തി.കയ്യിലിരുന്ന കവര്‍ അമ്മയെ ഏല്‍പ്പിച്ചു.അവള്‍ക്ക് ഒരോണക്കോടി ആയിരുന്നു അത്.അമ്മ അവളെ അതിടുവിച്ചു.സന്തോഷം കൊണ്ടാവളുടെ കുഞ്ഞുകണ്ണുകള്‍ നിറഞ്ഞിരുന്നു.എന്‍റെ മനസ്സില്‍ അമ്മയും അച്ഛനും വെരാഴമുള്ള നന്മമരങ്ങളായി പന്തലിച്ചു നിന്നു.

പിന്നീടുള്ള എല്ലാ ഓണനാളിലും വിശേഷങ്ങളിലും ഞങ്ങളിലോരാളായി ലച്ചുവിനെയും കൂടെ കൂട്ടിയിരുന്നു.ഇന്ന് ലച്ചു സ്നേഹസമ്പന്നനായ ഒരാളുടെ ഭാര്യയാണ് 2 കുഞ്ഞുങ്ങളുടെ അമ്മയാണ്.ഈ തിരുവോണനാളിലും എനിക്കെത്താന്‍ കഴിഞ്ഞില്ലെങ്ങിലും അവളെത്തി..അമ്മയുടെ ഒരു പിടി ചോറ്ഉണ്ണാന്‍..വാത്സല്യത്തണലില്‍ ഇരിക്കാന്‍..

നാം മറ്റുള്ളവര്‍ക്ക് എന്തെങ്ങിലും നല്‍കുമ്പോള്‍ ,അത് ആഹരമാവം ,വസ്ത്രമാവാം,പണമാവം ,സ്നേഹമാവാം അത് സ്വീകരിക്കുന്ന മനസ്സുനിറഞുള്ള പുഞ്ചിരിയുണ്ടല്ലോ അതാവണംനമ്മുടെ മനസ്സില്‍ വിരിയേണ്ട പൂക്കളം എന്ന് ആ തിരുവോണനാളില്‍ ഞാന്‍ പഠിച്ചു.
9
ഓർമപൂക്കളം #9Sanju Calicut

ഇത് നടക്കുന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള ഓണനാളിൽ ആണ് ..അന്നുവരെ ഓണം എനിക്കും എന്റെ സുഹൃത്തുക്കൾക്കും ..ആഘോഷിക്കാൻ മാത്രമുള്ള കുറച്ചു ദിനങ്ങൾ മാത്രമായിരുന്നു .ആ ഓണത്തിനും ഞങ്ങൾ പതിവുപോലെ ഓണം ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചു .ഒരു ടുർ പ്ലാൻ ചെയ്‌തത്‌ ഞാൻ തന്നെ ആണ് .പതിവിൽ നിന്നും വ്യത്യസ്തമായി ..ട്രെയിനിൽ പോവാൻ ഞങ്ങൾ തീരുമാനിച്ചു ..കോവളം ആയിരുന്നു പോകാൻ ഉദ്ദേശിച്ച സ്ഥലം

അങ്ങനെ ഞങ്ങൾ അഞ്ചുപേർക്കും ട്രെയിൻ ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു .എസി തന്നെയായിരുന്നു ബുക്ക് ചെയ്‌തത്‌ ..ഞങ്ങൾ ട്രെയിൻ കയറാൻ റെയിവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ..ഞാൻ ആ കാഴ്ച കാണുന്നത് ..ഒരു സുന്ദരിയായ പെൺകുട്ടി ..അവിടെ നിൽക്കുന്നു ..അവളുടെ സംസാരത്തിൽ നിന്നും അവളും ഞങൾ കയറുന്ന ട്രെയിൻ തന്നെയാണ് ആണ് കാത്തു നിൽക്കുന്നത് എന്നു എനിക്ക് മനസ്സിലായി ..എന്റെ മനസ്സിലെ കാമുകൻ ഉണർന്നു .ഞാൻ അവിടെ തന്നെ വട്ടം കുടി നിന്നു,..ട്രെയിൻ വന്നപ്പോഴാണ് മനസ്സിലായത് അവൾ സ്ലീപ്പർ ആണ് എടുത്തതെന്ന് ..നിരാശ പൂണ്ട ഞാൻ ഒടുവിൽ കൂട്ടുകാരുടെ വാക്കുകൾ കേൾക്കാതെ ആ സാഹസം കാണിച്ചു ..അവളുടെ കൂടെ സ്ലീപ്പറിൽ കയറി ,..അവളുടെ മുന്നിൽ തന്നെ സ്ഥാനം പിടിച്ചു,..നല്ല ബുദ്ധിയുള്ള പെൺകുട്ടി ആയതുകൊണ്ടായിരിക്കണം ..അവൾ കയറിയ ഉടനെ കണ്ണടച്ച് ഉറങ്ങിയപോലെ ഇരുന്നു ..ഓരോ സ്റ്റേഷൻ കഴിയുമ്പോഴും ..ഒരു നോട്ടമെങ്കിലും കിട്ടുമെന്ന് ഓർത്തു ഞാൻ അങ്ങനെ ഇരുന്നു ,കോട്ടയം എത്തിയപ്പോൾ അവൾ ഇറങ്ങി പോയി ..കോട്ടയം വരെ ആ ദുഷ്ടത്തി എന്റെ മുഖത്ത് പോലും നോക്കിയില്ല ...അവൾ..പോയപ്പോൾ ഞാൻ നിരാശയോടെ സുഹൃത്തുക്കളുടെ അടുത്തേക്ക് ചെന്നു ..അവരുടെ കംപാർമെന്റിലേക്ക് കയറാൻ നോക്കിയപ്പോൾ അവർ ഉണ്ട് അവിടെ നിൽക്കുന്നു ..ഞാൻ ചെറു പുഞ്ചിരിയോടെ കയറാൻ തുടങ്ങിയപ്പോൾ..അവർ പറഞ്ഞു .

."സാർ തിരുവന്തപുരം വരെ അവിടെ ഇരുന്നാൽ മതി ..ഇങ്ങോട്ടു കയറിയാൽ ഞങ്ങൾ കാല് തല്ലിയൊടിക്കും "

എന്ന് ..ഞാൻ അവരുടെ കാല് പിടിച്ചെങ്കിലും അവർ സമ്മതിച്ചില്ല ..അങ്ങനെ ഞാൻ വീണ്ടും പഴയ സ്ഥലത്തേക്ക് നടന്നു ..അവിടെ ആരും ഉണ്ടായിരുന്നില്ല ...വായ് നോട്ടത്തിന് കിട്ടിയ ശിക്ഷ ഏറ്റുവാങ്ങി ഞാൻ അവിടെ ഇരുന്നപ്പോഴാണ് ..രണ്ടു പേർ അവിടേക്കു കയറിവന്നത് ..ഒരു ചെറിയ പെൺകുട്ടിയും അവളുടെ അമ്മയും ..അവർ എന്റെ മുന്നിലുള്ള സീറ്റിൽ ഇരുന്നു ...ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു ..അവൾ കൈ കൊണ്ട് ഒരു ഹായ് തന്നു ...യാത്ര തുടരവേ ഞാൻ കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് നോക്കി..അവർ മനസ്സുകൊണ്ട് അവിടെ ഒന്നും ആയിരുന്നില്ല ,..മുഖം വല്ലാതെ ..വിളറിയിരുന്നു ..കണ്ണുനീർ ഒലിച്ചിറങ്ങിയ പാടുകൾ ആ മുഖത്ത് ഉണ്ടായിരുന്നു, ..ഞാൻ മെല്ലെ ആ കുട്ടിയുമായി കൂട്ടായി ,..അവൾ എന്റെ അരികിൽ വന്നിരുന്നു ...അമ്മു അതായിരുന്നു അവളുടെ വിളിപ്പേര് ..ഞാനും അമ്മുവും ചെറിയ ചെറിയ കളികളുമായി ..യാത്ര തുടർന്നു ..ഞാൻ ഇടക്ക് അവളുടെ അമ്മയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല ...ഞാൻ അവരോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു ..

"ഞാൻ തിരുവന്തപുരത്തേക്ക് ആണ് ..നിങ്ങൾ എങ്ങോട്ടാണ് .."..ഞാൻ മെല്ലെ സംഭാഷണം ആരംഭിച്ചു

"തിരുവന്തപുരം "..അവർ ഒട്ടും താല്പര്യമില്ലാത്തപോലെയാണ് മറുപടി പറഞ്ഞത്

'വീട് അവിടെയാണോ .."...

"അല്ല "....അവർ ...പുറത്തേക്കു നോക്കി ...

അവർ ചോദ്യങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് തോന്നി ..ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല ..ഞാൻ അമ്മുവുമായി ..സംസാരം തുടർന്നു ..അതിനിടക്കാന് അമ്മു എന്നെ .കെട്ടിപിടിച്ചു ഉമ്മതന്നത് ..ഞാനും കൊടുത്തു ആ കുഞ്ഞി കവിളത്ത് ഒരു ഉമ്മ ,..അതുകണ്ടിട്ടാവണം അവർ ..എന്നോട് മെല്ലെ പറഞ്ഞു ..
"ഞാൻ മോളെ ..കാണിക്കാൻ കൊണ്ടുപോവുകയാ .."...RCC യിൽ "
.ഒരു നിമിഷം എന്റെ ചെവിയിൽ ..ഒരു ട്രെയിൻ പാഞ്ഞുപോകുന്ന ശബ്ദം ...കുത്തികയറുന്നപോലെ തോന്നി ..
ഞാൻ അമ്മുവിനെ നോക്കി ..പുറമെ അങ്ങനെയുള്ള ലക്ഷണം ഒന്നും കാണുന്നില്ല ..നല്ല മിടുക്കി കുട്ടി

"നിങ്ങൾ ആദ്യമായിട്ടു പോവുകയാണോ "ഞാൻ ചോദിച്ചു ..

"അല്ല ..ഇത് നാലാമത്തെ തവണയാ ...".പറഞ്ഞതും അവരുടെ കണ്ണിന്റെ ഒരു കോണിലൂടെ കണ്ണുനീർ ഒഴുകി .

"നിങ്ങൾ തനിച്ചാണോ ..ഹസ്ബൻഡ് "..ഞാൻ ചോദ്യം പാതിയിൽ നിർത്തി

"ഇല്ല ..മരിച്ചുപോയി ...ഒരു വര്ഷം ആയി ..ക്യാൻസർ ആയിരുന്നു "..അവർ പറഞ്ഞു നിർത്തിയത് വിങ്ങലോടെ ആയിരുന്നു ..ഞാൻ വേറെ ഒന്നും ചോദിച്ചില്ല ..

തിരുവന്തപുരം എത്തുമ്പോഴേക്കും ഞാനും അമ്മുവും പിരിയാൻ പറ്റാത്ത പോലെ അടുത്തിരുന്നു ..അവളെ വീണ്ടും കാണും എന്നു ഉറപ്പുകൊടുത്തിട്ടാണ് ഞാൻ അവരെ വിട്ടു പിരിഞ്ഞത് ...
കൂട്ടുകാർക്കൊപ്പം ചേർന്നെങ്കിലും അവരുടെ സന്തോഷത്തിൽ എനിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല ...ഞാൻ അവരോട് എല്ലാം പറഞ്ഞു ...എന്നിട്ടു പറഞ്ഞു
.".എനിക്ക് RCC വരെ ഒന്ന് പോകണം ..നിങ്ങൾ കോവളം പോയി വരൂ ...ഞാൻ അപ്പോഴേക്കും ഫ്രീ ആയിക്കൊള്ളാം .."
അവരുടെ കയ്യിൽ നിന്നും നല്ല അടിയാണ് ഞാൻ പ്രതീക്ഷിച്ചതു ,,ട്രിപ്പ് പ്ലാൻ ചെയ്ത ആൾ തന്നെ മുങ്ങുന്നു ..പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ..അവർ ..പറഞ്ഞു
."..നീ മാത്രം എന്തിനാ ..ഞങ്ങളും വരാം ..കോവളം അങ്ങനെ തന്നെ അവിടെ ഉണ്ടാവില്ലേ മച്ചാ .."

അങ്ങനെ ഞങ്ങൾ rcc യിലേക്ക് പോയി അമ്മുവിനെ കാണുകയായിരുന്നു ലക്ഷ്യം ..ഞങൾ അവിടെയെത്തി ,ഞങ്ങൾ ..അമ്മുവിനെ നോക്കി നടന്നു ...കണ്ടത് ഒരു അമ്മുവിനെ ആയിരുന്നില്ല ..ഒരു പാട് അമ്മുമാർ ..ഓരോ സ്റ്റെപ് എടുത്തു വെക്കുമ്പോഴും ഞങ്ങൾ ..കിതക്കാൻ തുടങ്ങി .ചില കോണിൽ ആരെയൊകൊണ്ടുപോവാൻ മരണം കാത്തു നിൽക്കുന്നതുപോലെ ....തല മൊട്ടയടിച്ച കുട്ടികൾ ..മരണത്തെ പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്ന രോഗികൾ ...സ്വപ്നങ്ങൾ നഷ്ടമായവർ ...ചിരിക്കാൻ മറന്ന മുഖങ്ങൾ ..

ഏകദേശംരണ്ടുമൂന്നു വർഷം പ്രായമായ ഒരു കുഞ്ഞിനെ .എടുത്തുകൊണ്ട് ..ഒരമ്മ ..ഞങ്ങൾക്ക് എതിരെ വന്നു ..ഞാൻ അവരുടെ ശരീരത്തിലേക്ക് ഒന്നുനോക്കി ..ഒരു തരി സ്വർണം പോയിട്ട് മുത്തുമാല പോലും ഇല്ല ..കണ്ണെല്ലാം കുഴിഞ്ഞിരിക്കുന്നു ..എന്റെ മുന്നിൽ നിന്ന് കുറച്ചു നേരം എന്നെ തന്നെ നോക്കി ..എന്തോ ചോദിക്കാൻ ഉള്ളപോലെ ..പിന്നെ മുന്നിൽ കൂടി മെല്ലെ നടന്നു പോയി ...എനിക്കന്തോ പോലെ ..തോന്നി ഞാൻ മെല്ലെ തിരിഞ്ഞു, അവർ പോവുന്നതും നോക്കി നിന്നു ,..പെട്ടന്ന് അവർ കുനിഞ്ഞു ..ഒരു കവർ എടുത്തു ..ആരോ ഭക്ഷണം കഴിച്ചിട്ട് വേസ്റ്റ് ആക്കി ബാക്കി ചുമരിനോട് ചേർത്തുനിലത്തു വെച്ചിരുന്നു ...അവർ അതാണ് എടുത്തത് ..അതിൽ കൈയ്യ് ഇടുന്നത് ..ഞാൻ ഒരു ഞെട്ടലോടെ ആണ് കണ്ടത് ...വിശന്നിട്ടാണോ മാനസിക നില തെറ്റിയിട്ടാണോ ..അറിയില്ല.....

പെട്ടന്നാണ് ഒരു കുട്ട കരച്ചിൽ ഞങ്ങൾ കേട്ടത് ..ഒരു വട്ടമേ ഞാൻ നോക്കിയുള്ളൂ .ഒരു കുഞ്ഞു വെള്ള തുണികൊണ്ട് ഒരു കുട്ടിയെ മൂടിയിരിക്കുന്നു ...ഞങ്ങൾ ..വല്ലാത്ത അവസ്ഥയിൽ ആയി ..എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്ന് തോന്നിപോയി ...ഞങ്ങൾ മെല്ലെ പുറത്തുകടന്നു ..

ഞങ്ങൾ പരസപരം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല ..അപ്പോഴാണ് ..അമ്മു ..ദുരെ നിന്ന് .എന്നെ കണ്ടു ഓടിവന്നത് ..അവൾ അടുത്ത് വന്നതും ഞാൻ അവളെ പോക്കിയെടുത്തു ,..നെറ്റിയിൽ ഉമ്മ വെച്ചു ..പിന്നെ കൂട്ടുകാരുടെ കയ്യിലേക്ക് അവളെ നൽകി ,.കുറച്ചു സമയത്തിനുള്ളിൽ അവൾ എന്നെ പോലെ എന്റെ കൂട്ടുകാർക്കും പ്രിയപെട്ടവളായി മാറി,എന്റെ സുഹൃത്ത് അബുവിന്റെ ഇഷ്ടപ്രകരം ഞങ്ങൾ ടുറിന് വേണ്ടി മാറ്റിവെച്ച തുക മുഴുവൻ അമ്മുവിൻറെ അമ്മക്ക് നൽകി ആദ്യം ഒന്ന് മടിച്ചെങ്കിലും ..ഞങ്ങൾ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു ..ഞങ്ങൾ അവിടെ നിന്ന് പിരിയുമ്പോൾ വീണ്ടും കാണും എന്നു പറഞ്ഞിരുന്നു ..അത് വെറും വാക്ക് ആയിരുന്നില്ല അഞ്ചുമാസം കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മുവിൻറെ വീട്ടിൽ പോയി..ചെന്നപ്പോൾ അത്അമ്മുവിൽ ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ എനിക്ക് ഇപ്പോഴും സാധിക്കുകയില്ല ..ഞങ്ങൾ അവളെയും കുട്ടി കുറെ കറങ്ങി ..അവൾക്കു വേണ്ടതെല്ലാം വാങ്ങികൊടുക്കുവാൻ ഞങ്ങൾ മത്സരിക്കുകയായിരുന്നു ...

അടുത്ത ഓണം വന്നു ..ഞങ്ങൾ അമ്മുവിനെ കാണാൻ വരുന്നുണ്ടെന്നു അവളുടെ അമ്മയെ വിളിച്ചു പറഞ്ഞു ..അപ്പോഴാണ് 'അമ്മ പറഞ്ഞത് അമ്മുവിന് കിമോ സ്റ്റാർട്ട് ചെയ്‌തെന്ന് ..അവളുടെ തല മൊട്ടയടിച്ചിട്ടുണ്ടെന്ന് ..അവൾ അതുകാരണം ഭയങ്കര വിഷമത്തിൽ ആണെന്ന് ..അപ്പോഴാണ് ഒരു സുഹൃത്ത് മറ്റൊരു ആശയം മുന്നോട്ടു വെച്ചത് പോകുമ്പോൾ നമുക്കും മൊട്ടയടിക്കാം ...
അല്പം ആശയ കുഴപ്പം ഉണ്ടായി ..മോഡലിംഗ് ചെയ്യുന്നവനും വലിയ കമ്പനിയിൽ ജോലി ചെയ്യുന്നവനും എല്ലാം ഉണ്ട് ..ഒരു പക്ഷെ അവരുടെ ജോലിയെ ബാധിക്കാൻ ചാൻസ് ഉണ്ട് ..പക്ഷെ .ഇ കാര്യത്തിൽ തലപോയാലും തല മൊട്ടയടിക്കാൻ ഞങ്ങൾ തീരുമാനിച്ചു ...മൊട്ടയടിക്കുകയും ചെയ്തു ,,എല്ലാവരും തൊപ്പി വെച്ചാണ് ..അമ്മുവിൻറെ വീട്ടിൽ എത്തിയത് ..അവിടെ ചെന്നതും ഞങ്ങൾ എല്ലാവരും മുട്ടുകുത്തിയിരുന്ന് ഒരുമിച്ചു തൊപ്പി ഊരി ...അപ്പോൾ അമ്മുവിൻറെ മുഖത്ത് വന്ന പ്രകശം ആ സന്തോഷം ..അതു പറഞ്ഞറിയിക്കാൻ കഴിയില്ല .......

ഊണ് കഴിയ്ക്കാൻ ഇരുന്നപ്പോഴാണ് അറിയുന്നത് അമ്മു അധികം ഫുഡ് കഴിക്കാറില്ല ഇന്ന് കഴിച്ചാൽ അപ്പോൾ തന്നെ ഛർദ്ദിക്കും ..പക്ഷെ അവൾക്കു വാശി ഞങ്ങളുടെ കൂടെ കഴിക്കണമെന്ന് ..അവസാനം ഞങ്ങൾ എല്ലാവരും ഒരു കുഞ്ഞു ഉരുള അവളുടെ വായിൽ വെച്ച് കൊടുത്തു ...അവസാനമായി ഞാൻ ആണ് കൊടുത്ത് ..ഞാൻ ഉരുള കൊടുത്തതും അവൾ ..ഛർദ്ദിച്ചു ..അതിൽ അല്പം രക്തം കലർന്നിരുന്നു ...ഞങ്ങൾ അവളെ വാരിയെടുത്തുകൊണ്ട് ..ഹോസ്പിറ്റലിലേക്ക് ..പാഞ്ഞു ......രണ്ടു ദിവസം അവൾ അവിടെ കിടന്നു,

പക്ഷെ

ആ തിരുവോണ നാളിൽ അവൾ ഞങ്ങളെ പറ്റിച്ചു .....

ആ ഓണം ..ഞങ്ങൾക്ക് സമ്മാനിച്ചത് ...തീരാത്ത ദുഃഖം തന്നെയായിരുന്നു ...പക്ഷെ അന്നുമുതൽ ഹൃദയം കൊണ്ട് കാണാൻ ഞങ്ങൾക്കു സാധിച്ചു ..പിന്നിട് പല അമ്മുമാരെയും ഞങൾ കൈപിടിച്ച് നടത്തി ...വിധിക്കു വിട്ടുകൊടുക്കാതെ ....അത് ഇനിയും തുടരും......ഓണനാളിൽ മാത്രമല്ല....എല്ലായ്‌പോഴും
സ്നേഹപൂർവം......... സഞ്‌ജു
10
ഓർമപൂക്കളം #10

 

Sameer Cp‎

''ഇയ്ക്ക്...ഓണത്തിന് ബിരിയാണി ഇണ്ടാവണം ..എന്നാലേ ഞാൻ പോരു..''

''എടാ മൊയന്തേ...ഓണം ഹിന്ദുക്കളുടെ പെരുന്നാളാണ് ...ഫുൾ സാമ്പാർ
വിത്ത് ചോർ''....എന്റെ ഇക്ക അവന്റെ അൽപ്പ ബുദ്ധിയെ ആർഭാടമാക്കി അവതരിപ്പിച്ചു.പക്ഷെ,പെട്ടെന്ന് തന്നെ ഉമ്മ ഇടപെട്ടു.

''അന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും.ഓന്റെ ഒരു വിവരെയ്...ഓണം കേരളീയർക്ക് മുഴുവാനൂള്ള ആഘോഷാ പൊട്ടാ .മേലാൽ ഇമ്മാതിരി മണ്ടത്തരം ഓനെ പഠിയ്പ്പിക്കരുത്.....പിന്നെ ഇപ്പൊത്തന്നെ പറഞ്ഞേക്കാം നാട്ടില് രണ്ടീസം ഉപ്പാന്റെ തറവാട്ടില്,പിന്നെ ഇന്റെ വീട്ടിലാ ഓണം മൊത്തം...തിരൂരിലെ ഓണം ഇങ്ങള് കൂടിട്ടില്ലല്ലോ..നല്ല രസാ "

20 വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ,നാട്ടിലേക്ക് പോകാനുള്ള ധൃതി പിടിച്ച ഒരുക്കത്തിനിടയിൽ നിഷ്കളങ്കനായ എന്നിലെ ആറ് വയസ്സുകാരന് നിറയെ ഓണത്തെ കുറിച്ചുള്ള സംശയങ്ങളായിരുന്നു.പക്ഷെ,ഒരെണ്ണത്തിന് പോലും ഉത്തരം നൽകാൻ ഉമ്മ തയ്യാറായിരുന്നില്ല.ലഗേജ് തയാറാകുന്ന തിരക്കിനിടയിൽ ഉപ്പാനെ ബുദ്ധിമുട്ടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലാത്തത് കൊണ്ട് ആ വശത്തേക്കും പോയില്ല.

നാട്ടിലെത്തിയ ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ ആദ്യം ഉപ്പയുടെ തറവാട്ടിൽ രണ്ടു ദിവസം താമസിച്ചു.പിന്നെ ഉമ്മാന്റെ വീട്ടിലേക്ക് പോയി.
വർഷങ്ങൾക്ക് ശേഷമുള്ള ഉമ്മയുടെ തിരിച്ചുവരവ് അവിടെ ഒരു ആഘോഷം തന്നെ ആയിരുന്നു .ബന്ധുക്കളും അയൽക്കാരും അടക്കം ഒരു പട തന്നെ ഉമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ പാഞ്ഞെത്തി. അവരെല്ലാം പോയി കഴിഞ്ഞപ്പോഴാണ് ഉമ്മ വല്ലുമ്മയോട് ചോദിച്ചത്

'' നല്ലമ്മയെ കണ്ടില്ലല്ലോ..???''

''നല്ലത്തിന് ഇപ്പൊ തീരെ സുഖല്ല...ഇന്നാള് ഒരീസം കിണറ്റു വക്കത്ത് വീണതാ..അതിപ്പിന്നെ ഓള് പുറത്തേക്കൊന്നും പോവാറില്ല...ചിലപ്പോ കാണാ ആ മുറ്റത്ത് കുട്ടിയോളപ്പം കളിക്കണത്''

ഉമ്മ എന്നെയും കൂട്ടി വീടിന് തൊട്ടപ്പുറത്തുള്ള നല്ലമ്മയുടെ "ഹരിനന്ദനത്തിലേക്'' നടന്നു .ചാണകം തേച്ച മുറ്റം .മുല്ലയും ചെമ്പകവും പിച്ചിയും വാടാമല്ലിയും അണിഞ്ഞൊരുങ്ങി ആ വീടിനെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഉമ്മറത്ത് വീണ ഓലമടൽ എടുക്കാൻ വരുന്നതിനിടയിലാണ് നല്ലമ്മ ഞങ്ങളെ ശ്രദ്ധിച്ചത്.

''ആരപ്പാ ഈ വരണത്....ഇന്റെ കുട്ടിയോ ??''

നല്ലമ്മ ഓടിച്ചെന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു.അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.ഉമ്മാന്റെ പിറകിൽ നിന്ന് കൗതുകത്തോടെ നല്ലമ്മയെ എത്തിനോക്കുന്ന എന്നിലേക്ക് നല്ലമ്മയുടെ ദൃഷ്ടി പതിഞ്ഞത് പെട്ടെന്നായിരുന്നു.

''ഏതാ അന്റെ പിറകിൽ ഒരു കുട്ടിക്കുരങ്ങൻ??''

''ഇത് ഇന്റെ രണ്ടാമത്തേത്..."

''വലിയ നാണക്കാരനാണല്ലോ ഈ കുഞ്ഞൻ''

''നാണക്കാരനൊന്നുമല്ല...അവന് വെറ്റില തിന്നണ ആരെങ്കിലും കണ്ടാൽ പേടിയാ..വന്നപ്പോൾ ഉമ്മാന്റെടുത്തേക്കും പോയില്ലായിരുന്നു.''

''ആണോ??''

നല്ലമ്മ വേഗം വായ കഴുകി വൃത്തിയാക്കി .പിന്നെ എന്നെ മാടി വിളിക്കാൻ തുടങ്ങി.ഞാൻ വരില്ലെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.ഒടുവിൽ മടിക്കുത്തിൽ ഒളിപ്പിച്ചു വെച്ച കൽക്കണ്ടം കാണിച്ച് എന്നെ വശീകരിച്ചപ്പോൾ ഞാൻ നല്ലമ്മയുടെ അടുത്തേക്ക് ഓടി.നല്ലമ്മയുമായുള്ള എന്റെ സൗഹൃദം തുടങ്ങുന്നത് അന്നുമുതലാണ്.

അത്തം മുതലുള്ള ഓരോ ദിവസവും എനിക്ക് ഓരോ അനുഭവങ്ങളാണ് നല്ലമ്മ സമ്മാനിച്ചത്.തുമ്പപ്പൂ കൊണ്ട് അലങ്കരിച്ച അത്ത പൂക്കളം അന്നാദ്യമായി കണ്ടപ്പോൾ ഞാൻ ഞാൻ നല്ലമ്മയോട് ചോദിച്ചു

''ഒരു പൂ ഒള്ളൂ??? ..നിറയെ പൂക്കളുണ്ടല്ലോ മുറ്റത്ത്??''

''ഇന്ന് അത്തല്ലേ കുട്ട്യേ ...തിരുവോണം ആവട്ടെ ഈ പൂക്കളൊക്കെ ഇടാം''

അത്തം ചിത്തിരക്ക് വഴിമാറി.തുമ്പക്കൊപ്പം തെച്ചിയും പൂക്കളത്തിൽ സ്ഥാനം പിടിച്ചു.നല്ലമ്മയും കൊച്ചുമക്കളും തിരുവോണത്തെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങിയത് അന്നാണ്.

ചോതിയായപ്പോൾ പൂക്കളത്തിൽ തുളസിയും അഥിതിയായി എത്തി. കൊച്ചുമക്കൾ അവരുടെ അച്ഛനും അമ്മക്കുമൊപ്പം പുതുവസ്ത്രങ്ങൾ മേടിക്കാൻ ടൗണിൽ പോയത് അന്നായിരുന്നു .നല്ലമ്മക്ക് സുഖമില്ലാത്ത കൊണ്ട് അവരുടെ കൂടെ പോകാൻ കഴിഞ്ഞില്ല .ഞാനും ഇക്കയും നല്ലമ്മക്ക് കൂട്ടിനിരുന്നു .ഓണത്തിന് പിറകിലുള്ള ഐതിഹ്യങ്ങളും പഴയ കാല ഓണവിശേഷങ്ങളും നല്ലമ്മ അയവിറക്കുമ്പോൾ ഞങ്ങൾക്കത് നവ്യാനുഭവമായിരുന്നു.

അങ്ങനെ ഹരിനന്ദനവും നല്ലമ്മയും ഞങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി.ദിവസങ്ങൾ വീണ്ടും കടന്നുപോയി.പൂക്കളത്തിന്റെ വിസ്താരം കൂടി കൂടി വന്നു. അതോടെ പുതിയ പൂക്കളും ആവശ്യമായി വന്നു. സൂര്യന്റെ ഇളം വെയിൽ ഇക്കിളിപ്പെടുത്തി തുടങ്ങുന്നതിന്ന് മുൻപേ ഞങ്ങൾ പൂക്കൾ അന്വേഷിച്ചിറങ്ങി.തുമ്പപ്പൂ,കാക്കപ്പൂ,തെച്ചിപ്പൂ,മുക്കുറ്റി,ചെമ്പരത്തി, അരിപ്പൂ,ഹനുമാൻ കിരീടം,ചെത്തിപ്പൂ ....സമ്പന്നമായിരുന്നു അന്നത്തെ വയലോരങ്ങളും പറമ്പുകളും.

തൃക്കേട്ട ദിവസം,പതിവുപോലെ ഞങ്ങൾ നല്ലമ്മയുടെ മേൽനോട്ടത്തിൽ പൂക്കളമൊരുക്കുമ്പോഴാണ് ഉമ്മ അങ്ങോട്ട് കടന്നു വന്നത്.ഉത്രാട ദിവസം എല്ലാവരും ഉച്ചയൂണ് ഞങ്ങളുടെ തറവാട്ടിലാക്കാമെന്ന് ഉമ്മ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യമൊക്കെ നല്ലമ്മയുടെ മക്കളും മരുമക്കളും മടിച്ചുനിന്നു.അവസാനം ഉമ്മയുടെ നിർബന്ധത്തിന് അവർക്ക് വഴങ്ങേണ്ടി വന്നു.നല്ലമ്മയുടെ മരുമക്കളുടെ സഹായത്താൽ ഒരു വമ്പൻ സദ്യ തന്നെ ഉമ്മ അന്ന് തയ്യാറാക്കി. അവിയൽ,കാളൻ,ഓലൻ,തോരൻ,ഇഞ്ചിപ്പുളി,മെഴുക്കുപുരട്ടി ,സാംബാർ,പുളിശ്ശേരി,രസം,പച്ചടി,കിച്ചടി,പപ്പടം,പായസം എല്ലാം കൂട്ടങ്ങളും അടങ്ങിയ വിഭവസമൃദ്ധമായ സദ്യ. അത്രയും സ്വാദുള്ള ഭക്ഷണം പിൽക്കാലത്തൊന്നും ഞങ്ങളുടെ ഉമ്മ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം .നല്ലമ്മയ്ക്ക് കാലിലെ പേശി വലിവ് കാരണം അന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ കുട്ടികൾ നല്ലമ്മയുടെ കൂടെ അവിടെയിരുന്നാണ് ഭക്ഷണം കഴിച്ചത്.

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത അനശ്വര മുഹൂർത്തങ്ങളിലേക്കാണ് അന്നത്തെ തിരുവോണം മിഴി തുറന്നത്.നല്ലമ്മക്കൊപ്പം വിഭവസമൃദ്ധമായ തിരുവോണ സദ്യ കഴിച്ചതിന്റെ ആലസ്യത്തിൽ ഉമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോഴാണ് ഇക്കയും കൂട്ടുകാരും വന്നത്.

''ഇയ്യ്‌ വരണോ...കുട്ടിക്കളി കാണാൻ..???''

''കുട്ടിക്കളിയല്ല...കുമ്മാട്ടിക്കളി'' ആരോ അവനെ തിരുത്തുന്നുണ്ടായിരുന്നു.

ഞാൻ ഉമ്മാന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.ഉമ്മ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
''പോണെങ്കിൽ പൊയ്ക്കോ...പക്ഷെ ഇരുട്ടും മുൻപേ എത്തിയ്ക്കോണം''

ഞാൻ അവരുടെ കൂടെ തിരൂരിലെ പ്രശസ്തമായ തൃപ്പരങ്ങോട് അമ്പലത്തിലേക്ക് പോയി.പുൽവസ്ത്രം ധരിച്ച കുമ്മാട്ടികൾ. മരത്തടിയിൽ കൊത്തിയെടുത്ത വിവധ നിറത്തിലുള്ള മുഖം മൂടികൾ അവർ ധരിച്ചിരിക്കുന്നു .അവ പ്രതിധാനം ചെയ്യുന്നത് കൃഷ്ണൻ,നാരദൻ,കിരാത, ദാരിക ഇവരൊക്കെയാണ്.(ഇവയൊക്കെ പിൽക്കാലത്ത് മനസ്സിലാക്കിയ കാര്യങ്ങളാണ്).ഓണവില്ലിൽ നിന്നുള്ള താളം ആ കലാകാരന്മാരെ പ്രത്യേക രീതിയിൽ ചുവടു വെപ്പിക്കുന്നു.

അന്ന് രാത്രി തന്നെയായിരുന്നു വാസു കുട്ടന്റെ വീട്ടിലെ തുമ്പി തുള്ളലും.ഒരുപാട് തുമ്പികളെ കാണാം എന്ന് കരുതി ചെന്നപ്പോൾ കണ്ടത് അഞ്ചു സ്ത്രീകൾ വട്ടം കൂടി ഇരിക്കുന്നതാണ്.വാസുക്കുട്ടന്റെ ഭാര്യ അവർക്ക് നടുവിൽ തുമ്പപ്പൂ പിടിച്ച് ഇരിക്കുന്നു.പിന്നെ പാട്ട് പാടി തറയിൽ തുമ്പപ്പൂ കൊണ്ട് നിലത്ത് വീശുന്നു.സഹപ്രവർത്തകരെല്ലാം അവരുടെ പാട്ട് ഏറ്റുപാടുന്നു.

''എന്താ തുമ്പി തുള്ളാതെ പൂ പോരാഞ്ഞോ ..പൂക്കളം പോരാഞ്ഞോ??''

മനോഹരമായ കലാ രൂപം.പക്ഷെ, ഇന്ന് ആ കലാരൂപവും കലാ കേരളത്തിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി.

അവിട്ടം ദിവസം രാവിലെ പതിവുപോലെ ഞാൻ നല്ലമ്മയുടെ വീട്ടിലേക്ക് നടന്നു.പക്ഷെ വീടിന് മുന്നിൽ അസാധാരണമായ ഒരാൾക്കൂട്ടം.കാര്യം മനസ്സിലാകാതെ ഞാൻ വീടിനകത്തേക്ക് കയറാൻ നിൽക്കുമ്പോഴാണ് ഉമ്മ എന്നെ പിറകിൽ നിന്ന് വിളിച്ചത്.

''നല്ലമ്മയ്ക്ക് തീരെ സുഖമില്ല..ഇയ്യ്‌ ഇപ്പൊ അങ്ങോട്ട് പോകണ്ട...അവരെല്ലാം ഹോസ്പിറ്റലിലേക്ക് പോകാണ് ..വാ നമുക്ക് വീട്ടിലേക്ക് പോകാം ഡ്രസ്സ് പായ്ക്ക് ചെയ്യേണ്ടേ..നാളെ നമുക്ക് തിരിച്ചു പോകേണ്ടതല്ലേ..''

എന്റെ കുഞ്ഞു മനസ്സൊന്നു പിടഞ്ഞു. പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി നല്ലമ്മയെ കാണണമെന്നുണ്ടായിരുന്നു.പക്ഷെ,സാധിച്ചില്ല.ഉമ്മ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.വീട്ടിലെത്തിയ ഞാൻ നല്ലമ്മയുടെ ആരോഗ്യത്തിന് വേണ്ടി നന്നായി പ്രാർത്ഥിച്ചു.കുഞ്ഞുങ്ങളുടെ പ്രാർത്ഥന പടച്ചോൻ പെട്ടെന്ന് കേൾക്കുമെന്ന് നല്ലമ്മ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട് ...

ഒട്ടും സന്തോഷമില്ലാതെയാണ് ഞങ്ങൾ ഗൾഫിൽ തിരിച്ചെത്തിയത് .നല്ലമ്മയും ഓണവും ഓണക്കളികളും സ്‌കൂളിൽ എനിക്കും ഇക്കാക്കും ഒരു താരപരിവേഷം നൽകി.സ്‌കൂളിൽ നിന്ന് തിരിച്ചെത്തുമ്പോഴാണ് ഡൈനിങ്ങ് ടേബിളിൽ തലവെച്ചു കിടക്കുന്ന ഉമ്മയെ ഞങ്ങൾ ശ്രദ്ധിച്ചത്.ഞങ്ങൾ എത്തിയതറിഞ്ഞ ഉമ്മ പതിയെ തലയുയർത്തി.ഉമ്മയുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല.കണ്ണുകൾ ചുവന്നിരുന്നു. ഉമ്മ ഞങ്ങളെ അടുത്തേക്ക് വിളിച്ചു.

''ഇനി അടുത്ത ഓണത്തിന് നിങ്ങൾക്ക് കഥകൾ പറഞ്ഞു തരാനും കൂടെ കളിക്കാനും നല്ലമ്മ ഉണ്ടാകില്ല......പോയി ''

ഞങ്ങൾ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾ കാണുന്നത് എനിക്ക് ഭയമാണെന്ന് മനസ്സിലാക്കി തന്റെ ഇഷ്ടം ഉപേക്ഷിച്ച നല്ലമ്മ....എന്നിലെ കേരളീയന് നഷ്ടമാകുമായിരുന്ന ആ ഓണ പ്രേമിയെ എനിക്ക് സമ്മാനിച്ച നല്ലമ്മ.ചിന്തകൾ കാടുകയറുകയായിരുന്നു.അപ്പോഴേക്കും ഉമ്മ വിളിച്ചു:.
''നമസ്കരിച്ചോ??''
''ഇല്ല ''
''പോയി നമസ്കരിക്ക്...നല്ലമ്മക്ക് വേണ്ടി പ്രാർത്ഥിക്ക്''

ജാതി,മത,ദേശ,വർണ്ണ വിത്യാസമില്ലാതെ എല്ലാ മനുഷ്യരെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പുലരികളിലേക്ക് കൺതുറപ്പിക്കുന്ന ഓണം എപ്പോഴും വിജയഭേരി മുഴക്കിയാണ് വിടപറയാറുള്ളത്. ആ സാഹോദര്യവും സ്നേഹവും കാത്ത് സൂക്ഷിക്കാൻ ഏത് പ്രതിസന്ധിയിലും നമുക്ക് കഴിയട്ടെ എന്ന ആശംസിക്കുന്നു........

സ്നേഹത്തോടെ
സമീർ ചെങ്ങമ്പള്ളി

* * *

If you enjoyed reading this story, help the author reach out to more of your friends.

Share to show you care.